മാനിറ്റോബയില്‍ വിമാനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. മാനിറ്റോബയിലെ സ്‌റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനു സമീപം ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് ശ്രീഹരിയും കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചത്.
വെള്ളിയാഴ്ചയ്ക്ക് ഉള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായാല്‍ അടുത്തയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. ശ്രീഹരിയുടെ വിഷയത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ ആക്ടിങ് ഹൈക്കമ്മിഷണര്‍ ചിന്‍മയ് നായിക് അറിയിച്ചു.