വാൻകൂവർ: വാൻകൂവറിൽ ടൂറിസം കുതിച്ചുയരുമ്പോൾ ഹോട്ടൽ മുറികൾ കിട്ടാൻ ബുദ്ധിമുട്ടേറുന്നുവെന്ന് റിപ്പോർട്ട്. കൂടുതൽ കനേഡിയക്കാർ യുഎസിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനാൽ, ഈ മേഖലയിൽ ടൂറിസം കുതിച്ചുയരുകയാണ്. ഇതിൻ്റെ ഫലമായി താമസച്ചെലവും കാർ വാടകയും വർദ്ധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
കാനഡയിലുടനീളമുള്ള വിവിധ സ്ഥലങ്ങൾക്ക് പുറമെ യുകെ, ഓസ്‌ട്രേലിയ, ജർമ്മനി, മെക്സിക്കോ, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും വാൻകൂവറിലേക്ക് ഒട്ടേറെ സന്ദർശകൾ എത്തുന്നുണ്ട്. നിരവധി സമ്മേളനങ്ങളിലും, ക്രൂയിസ് കപ്പൽ സീസണിലും പങ്കെടുക്കാനും ആളുകൾ ഇവിടം സന്ദർശിക്കുന്നുണ്ട്. വേനലിൽ ആളുകൾ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. പക്ഷേ അത് റെക്കോർഡ് ഭേദിക്കുമോ എന്ന് പറയാറായിട്ടില്ലെന്ന് ഡെസ്റ്റിനേഷൻ വാൻകൂവർ സിഇഒയും പ്രസിഡന്റുമായ റോയ്‌സ് ചക്വിൻ പറഞ്ഞു.
യാത്രക്കാർ എത്തുന്നത് കൂടിയതോടെ ഹോട്ടലുകൾക്ക് ഡിമാൻ്റ് കൂടിയിട്ടുണ്ട്. പക്ഷെ ആവശ്യത്തിന് അനുസരിച്ച് ഹോട്ടൽ മേഖലയിൽ വളർച്ചയുണ്ടാകുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. വാൻകൂവറിൽ വേണ്ടത്ര ഹോട്ടൽ സേവനം ലഭിക്കാത്തതിനാൽ, ഹോട്ടൽ ശേഷി വർദ്ധിപ്പിക്കുക, പുതിയ ഹോട്ടലുകളുടെ വികസനം വേഗത്തിലാക്കുക എന്നിവയ്ക്കാണ് തങ്ങൾ പ്രാധാന്യം നല്കുന്നതെന്ന് ഡെസ്റ്റിനേഷൻ വാൻകൂവർ സിഇഒ വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി 23 പ്രോജക്ടുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.