നോവസ്‌കോഷയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി ആര്‍സിഎംപി. ഹാലിഫാക്‌സ് റീജനല്‍ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ കമ്യൂണിറ്റിയായ കൗ ബേ-യില്‍ മെയ് 4 ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിനായി എത്തിയ അഞ്ച് മലയാളി വിദ്യാര്‍ത്ഥികളില്‍ നാല് പേര്‍ക്ക് നേരെയാണ് വംശീയാധിക്ഷേപവും ക്രൂരമര്‍ദ്ദനവും നടന്നത്. ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ ചവുട്ടി താഴ്ത്തി കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ ഇത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമസംഭവങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും നോര്‍ക്ക കോര്‍ഡിനേഷന്‍ കൗണ്‍സില്‍ കാനഡ നിര്‍ദ്ദേശിച്ചു.
കേസില്‍ കൗ ബേ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആര്‍സിഎംപി അറിയിച്ചു. കൂടാതെ മീന്‍പിടുത്ത കൊളുത്തുകളും ഒരു ലോഹ പൈപ്പും ഉള്‍പ്പെടെ ആക്രമണത്തിന് ആയുധങ്ങളായി ഉപയോഗിച്ച നിരവധി വസ്തുക്കളും പിടിച്ചെടുത്തു. പ്രതികള്‍ക്കൊരാള്‍ക്കെതിരെ ഗുരുതരമായ ആക്രമണം ഉള്‍പ്പെടെ നാല് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്. 39 വയസ്സുള്ള മറ്റൊരു പ്രതിയെ ഉപാധികളോടെ വിട്ടയച്ചു.
സംഭവം വംശീയ വിദ്വേഷ പ്രേരിത കുറ്റകൃത്യമാണെന്നും അന്വേഷണം തുടരുകയാണെന്നും ആര്‍സിഎംപി അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി 902-490-5020 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ആര്‍സിഎംപി അഭ്യര്‍ത്ഥിച്ചു.