കാലിഫോർണിയ: 2025ൽ ഇതുവരെ അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് 15,000 തൊഴിലാളികളെ. കൂടുതൽ തൊഴിൽ നഷ്ടം ഒഴിവാക്കാൻ എഐ കഴിവുകൾ തേച്ചുമിനുക്കാൻ അവശേഷിക്കുന്ന ജീവനക്കാരോട് അഭ്യർഥിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് എന്ന് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കഴിവുകൾ ഉപയോഗിക്കാതെ കമ്പനിയിൽ പിടിച്ചുനിൽക്കാൻ ആർക്കും സാധിക്കില്ല എന്നാണ് മുന്നറിയിപ്പ്.
2025ൽ ടെക് ലോകത്ത് ഏറ്റവുമധികം പേരെ പിരിച്ചുവിട്ട കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ഇനിയുമൊരു പിരിച്ചുവിടൽ ഒഴിവാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ജീവനക്കാർക്ക് കമ്പനി നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജീവനക്കാർ നിർബന്ധമായും എഐ രംഗത്ത് പ്രാവീണ്യമുള്ളവരായിരിക്കണം, എഐ മികവ് ഒരു അധിക കഴിവ് മാത്രമായല്ല ഇനി മുതൽ കണക്കാക്കുക. കമ്പനിയുടെ ഏത് ഉയർന്ന ചുമതലയിലുള്ളയാളായാലും, എത്ര മുതിർന്ന ജീവനക്കാരനായാലും ദൈനംദിന ജോലികളിൽ എഐ പ്രായോഗികമായി ഉപയോഗിക്കാൻ അറിവുള്ളവരായിരിക്കണമെന്ന് ജീവനക്കാർക്കായി മൈക്രോസോഫ്റ്റ് പങ്കുവെച്ച നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നതായാണ് വിവരം.
മൈക്രോസോഫ്റ്റിൽ ജീവനക്കാരുടെ മികവ് അളക്കാനുള്ള പ്രധാന അളവുകോലുകളിലൊന്നായും എഐ മാറും. ജീവനക്കാരുടെ പെർഫോമൻസ് അളക്കാനുള്ള നിർണായക ഘടകമായി എഐ ഉപയോഗം പരിഗണിക്കുമെന്ന് മൈക്രോസോഫ്റ്റിൻറെ ഡവലപ്പർ ഡിവിഷൻ തലവൻ ജൂലിയ ലൂയിസൺ മാനേജർമാരെ അറിയിച്ചു. മൈക്രോസോഫ്റ്റിൽ എഐ ജ്ഞാനം ജീവനക്കാരുടെ ചുമതലയും ഭാവിയും തീരുമാനിക്കും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ വമ്പൻ പദ്ധതികളിലാണ് മൈക്രോസോഫ്റ്റ് നിലവിൽ പ്രവർത്തിക്കുന്നത്. ഈ വർഷം എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനായി മൈക്രോസോഫ്റ്റ് 80 ബില്യൺ ഡോളറിൻറെ വൻ നിക്ഷേപം നടത്തുന്നു. ഇതോടെ മറ്റ് മേഖലകളിൽ കമ്പനി ചിലവ് ചുരുക്കൽ നടത്തുന്നത് തൊഴിൽ നഷ്ടത്തിന് വഴിവെക്കുന്നു.
ഏകദേശം 9,000 ജീവനക്കാരെ ബാധിക്കുന്ന പിരിച്ചുവിടലാണ് ഒടുവിലായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ളതിൽ നാല് ശതമാനം തൊഴിലാളികളെ പറഞ്ഞുവിടുന്നതായാണ് കമ്പനിയുടെ അറിയിപ്പ്. മൈക്രോസോഫ്റ്റിൻറെ ഗെയിം ഡിവിഷനിൽ ഉൾപ്പടെ ഈ പിരിച്ചുവിടലുണ്ടാകും എന്നുറപ്പായിരുന്നു. മെയ് മാസത്തിൽ 6,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പുറമെയാണിത്. ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ലോകമെമ്പാടും 228,000 ജീവനക്കാർ മൈക്രോസോഫ്റ്റിനുണ്ടെന്നാണ് 2024 ജൂണിൽ പുറത്തുവന്ന കണക്ക്. എഐയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായി ഗൂഗിൾ, മെറ്റ, ആമസോൺ അടക്കമുള്ള മറ്റ് ടെക് ഭീമൻമാരും തൊഴിലാളികളെ പിരിച്ചുവിടന്ന പാതയിലാണ്.