പ്രവിശ്യാ സഹകരണം ശക്തമാക്കുന്നതിനായി സഹകരണ ഉടമ്പടികളിൽ ഒപ്പുവച്ച് ആൽബർട്ടയും ഒൻ്റാരിയോയും. പുതിയ പൈപ്പ്‌ലൈൻ, റെയിൽ പാത നിർമാണ സാധ്യത, പ്രവിശ്യകൾ തമ്മിലുള്ള മദ്യം, വാഹനം എന്നിവയുടെ വ്യാപാരം വർധിപ്പിക്കാനും ഇതോടെ ധാരണയായി. ഇരു പ്രവിശ്യകളിലെയും പ്രീമിയർമാരാണ് ഇത് സംബന്ധിച്ച രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. കരാറുകൾ ഇരു പ്രവിശ്യകളുടെയും പ്രധാന വ്യവസായങ്ങളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും വിപണി സാധ്യത മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ട്രംപിന്റെ താരിഫുകൾക്കിടയിൽപ്പെട്ട കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.
ആൽബർട്ടയുടെ എണ്ണ, പ്രകൃതിവാതക വിഭവങ്ങളെയും പ്രധാന ധാതുക്കളെയും, ഈസ്റ്റേൺ ഒൻ്റാരിയോയിലെ ജയിംസ് ബേയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പ്രധാനമായും പഠനവിധേയമാക്കുക. ഒൻ്റാരിയോയിൽ നിർമ്മിച്ച സ്റ്റീൽ ഇതിനായി ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. സ്വകാര്യ മേഖലയ്ക്ക് ഈ പദ്ധതികളിൽ പങ്കുചേരുന്നത് എളുപ്പമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.