12 വയസ്സിനു മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കായികതാരങ്ങളെ വനിതാ അമച്വര്‍ കായിക ഇനങ്ങളില്‍ നിന്ന് വിലക്കുന്ന നിയമവുമായി ആല്‍ബര്‍ട്ട. ഈ വരുന്ന സെപ്റ്റംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അതേസമയം, മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് ആല്‍ബര്‍ട്ടയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരിക്കില്ല. ഇത് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ടൂറിസം ആന്‍ഡ് സ്‌പോര്‍ട്ട് മന്ത്രി ആന്‍ഡ്രൂ ബോയിറ്റ്‌ചെങ്കോ വ്യക്തമാക്കി. മറ്റ് കായിക സംഘടനകള്‍ക്ക് അതത് പ്രവിശ്യകളിലെയും അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമായതിനാലാണ് ഇതെന്നും മന്ത്രിയുടെ വക്താവ് പറഞ്ഞു.
പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, കായികം എന്നിവയുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങളില്‍ ഒന്നാണിത്. ലിംഗപരമായ വ്യത്യാസങ്ങള്‍ കാരണം കായികരംഗത്ത് ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം ഇല്ലാതാക്കി പെണ്‍കുട്ടികള്‍ക്കും തുല്യ അവസരം നല്‍കാനാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ വാദിക്കുന്നു. എന്നാല്‍, ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ ഒറ്റപ്പെടുത്താനും ശിക്ഷിക്കാനുമുള്ള നീക്കമാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു.
പുതിയ നിയമങ്ങള്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ കായികതാരങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ട്. അതേസമയം, ഈ നിയമം എല്ലാ വനിതകളുടെയും സ്വകാര്യതയുടെ ലംഘനമാണെന്ന് LGBTQ+ അഭിഭാഷക ഗ്രൂപ്പായ Egale-ന്റെ നിയമ ഡയറക്ടര്‍ ബെന്നറ്റ് ജെന്‍സന്‍ അഭിപ്രായപ്പെട്ടു.