വാഷിങ്ടൻ: സൈനിക ഓപ്പറേഷനിലൂടെ വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടി ഭരണമാറ്റം കൊണ്ടുവന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി കണ്ണുവയ്ക്കുന്നത് ക്യൂബയെയെന്ന് റിപ്പോർട്ടുകൾ. 2026 അവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ നിലംപതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയിൽ യുഎസ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. വെനസ്വേലയിലെ സൈനിക നീക്കങ്ങൾക്ക് ശേഷം ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നും തങ്ങളുമായി കരാർ ഉണ്ടാക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.
മഡുറോയുടെ ഭരണകാലത്ത് ക്യൂബയ്ക്ക് വെനസ്വേലയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മഡുറോയെ യുഎസ് പിടികൂടിയത് ക്യൂബയ്ക്ക് വലിയ ക്ഷീണമാണ്. ഇതിനൊപ്പം ക്യൂബൻ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വെനിസ്വേലയിലെ യുഎസ് സൈനിക നടപടി ക്യൂബയെയും ബാധിക്കുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. 1999 മുതൽ വെനിസ്വേലയിൽനിന്നും വലിയ ഇളവുകളോടെ ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നു. ഈ വിതരണം യുഎസ് ഇടപെട്ട് നിർത്തലാക്കിയാൽ ക്യൂബയുടെ പക്കലുള്ള എണ്ണ ശേഖരം ഒരാഴ്ചയ്ക്കുള്ളിൽ തീരും. ഇതിനൊപ്പം ക്യൂബയ്ക്ക് മേൽ വീസ നിയന്ത്രണങ്ങളും ട്രംപ് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്.







