വാഷിങ്ടൻ: റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം. 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷമാണ് ബിൽ സെനറ്റ് കടന്നത്. 51–50 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്. അടുത്ത ഘട്ടത്തിൽ ബിൽ പ്രതിനിധി സഭയിലേക്കു പോകും. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1,000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്.
സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി വെള്ളിയാഴ്ചയോടെ നിയമനിർമാണത്തിന് അംഗീകാരം ലഭിക്കാൻ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് സെനറ്റിലെ വിജയം സുപ്രധാന ചുവടുവയ്പ്പായി മാറിയിരിക്കുകയാണ്. ആകെ 100 അംഗങ്ങളുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 അംഗങ്ങളും ഡെമോക്രാറ്റിക് പാർട്ടിക്ക് 45 അംഗങ്ങളും ഉണ്ട്.
അതേസമയം പ്രതിനിധി സഭയിൽ അവതരിപ്പിക്കുന്ന ബില്ലിനെ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർക്കാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ഏകദേശം ഒരു ട്രില്യൺ ഡോളർ സബ്സിഡിയുള്ള ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിലെ വ്യവസ്ഥകളെച്ചൊല്ലി സെനറ്റർമാർക്കിടയിൽ ഭിന്നതയുണ്ടായിരുന്നു. 2034 ആകുമ്പോഴേക്കും ഏകദേശം 12 ദശലക്ഷം ആളുകൾക്ക് ആരോഗ്യ പരിരക്ഷ നഷ്ടപ്പെടുമെന്നാണ് കണക്കുക്കൂട്ടുന്നത്.
ഡെമോക്രാറ്റ് അംഗങ്ങളുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള സെനറ്റിനുള്ളിൽ ട്രംപ് വിജയം കൈവരിക്കുകയായിരുന്നു. മേയ് മാസത്തിൽ ഡോജ് മേധാവി സ്ഥാനം രാജിവച്ച ശതകോടീശ്വരൻ ഇലോൺ മസ്‌ക് ബില്ലിനെക്കുറിച്ചുള്ള തന്റെ വിമർശനം ആവർത്തിച്ചിരുന്നു. ഇതോടെ ട്രംപും മസ്കും തമ്മിലുള്ള പടലപ്പിണക്കം വീണ്ടും കലുഷിതമായിരിക്കുകയാണ്.