വാൻകുവർ: പെല്ലെറ്റ് അല്ലെങ്കിൽ എയർസോഫ്റ്റ് തോക്കുകൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അബോട്ട്‌സ്‌ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ്. സംഭവങ്ങളിൽ അബോട്ട്‌സ്‌ഫോർഡ് പോലീസ് അന്വേഷണം തുടരുകയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച കാൽനടയാത്രക്കാരെ ലക്ഷ്യമിട്ട് പെല്ലറ്റ് ആക്രമണം നടത്തിയതായുള്ള വ്യത്യസ്തങ്ങളായ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് പറഞ്ഞു. വെള്ള നിറത്തിലുള്ള എസ്‌യുവിയിൽ എത്തിയ ഒരു കൂട്ടം യുവാക്കളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആദ്യത്തെ ആക്രമണം വൈകിട്ട് 6.15 ഓടെ എമേഴ്‌സൺ സ്ട്രീറ്റിനടുത്തുള്ള പിയേർഡൻവില്ലെ റോഡിലാണ് നടന്നത്. അവസാനത്തേത് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഗ്ലാഡ്‌വിൻ റോഡിന് സമീപത്തുള്ള സൗത്ത് ഫ്രേസർ വേയിലാണ് സംഭവിച്ചത്.
ആക്രമണങ്ങളിലെല്ലാം പെല്ലറ്റ് അല്ലെങ്കിൽ എയർസോഫ്റ്റ് തോക്കുകൾ എന്ന് തോന്നിപ്പിക്കുന്ന ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്രമണങ്ങൾ ആർക്കും ഗുരുതര പരുക്കില്ല. ഒരാൾക്ക് നിസാര പരുക്കേറ്റു. ഏതെങ്കിലും തരത്തിലുള്ള ആക്രമണ സംഭവങ്ങൾ കണ്ടാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.