ടൊറന്റോ: സ്റ്റോറുകളിലെ മോഷണം തടയുന്നതിനായി കർശന നടപടികളുമായി ഒന്റാറിയോയിലെ ലിക്വർ കൺട്രോൾ ബോർഡ് (LCBO). ഇതിന്റെ ഭാഗമായി പ്രവിശ്യയിലെ 40-ലധികം സ്റ്റോറുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് എൽസിബിഒ ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും കൂടുതൽ മോഷണസാധ്യതയുള്ള സ്റ്റോറുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരിക്കും പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുക. കഴിഞ്ഞ ഒരു വർഷത്തിനിടെ നടപ്പാക്കിയ സുരക്ഷാ നടപടികളിലൂടെ രണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.
സ്ഥിരമായി മോഷണം നടത്തുന്നവരെയും സംഘടിത കുറ്റവാളി സംഘങ്ങളെയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മോഷണം മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ 70 ശതമാനത്തോളം ഇത്തരം സംഘടിത കവർച്ചകൾ കാരണമാണെന്നാണ് എൽസിബിഒയുടെ വിലയിരുത്തൽ. സംഘടിത കുറ്റവാളി സംഘങ്ങളുടെ നോട്ടപ്പുള്ളികളായ സ്റ്റോറുകളിൽ സുരക്ഷ വർധിപ്പിക്കാനാണ് ഈ നീക്കമെന്ന് എൽസിബിഒ മീഡിയ റിലേഷൻസ് ഡയറക്ടർ സെബാസ്റ്റ്യൻ സ്കാംസ്കി സിബിസി ന്യൂസിനോട് പറഞ്ഞു. അവധിക്കാലം അടുക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സാധനങ്ങൾ സംരക്ഷിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക നിയമപാലകരിൽ നിന്നുള്ള ‘പെയ്ഡ് ഡ്യൂട്ടി’ പൊലീസ് ഉദ്യോഗസ്ഥരെയാണ് 40-ലധികം സ്റ്റോറുകളിൽ നിയമിക്കുക. കൂടാതെ, തിരക്കേറിയതും കൂടുതൽ മോഷണം നടക്കാൻ സാധ്യതയുള്ളതുമായ സ്റ്റോറുകളിൽ യൂണിഫോം ധരിച്ച കൂടുതൽ സുരക്ഷാ ജീവനക്കാരെയും വിന്യസിക്കും. ആവർത്തിച്ച് മോഷണം നടക്കുന്ന സ്റ്റോറുകളിൽ മഫ്തിയിലുള്ള (സാധാരണ വേഷത്തിലുള്ള) സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തും. മോഷണശ്രമങ്ങളിൽ നേരിട്ട് ഇടപെടാനും പ്രതികളെ സ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്യാനും ഇവർക്ക് അധികാരമുണ്ടായിരിക്കും. ഇതിനുപുറമെ, സ്റ്റോറുകളിലെ അനിഷ്ടസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും പൊലീസിനെ സഹായിക്കുന്നതിനുമായി സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും.
എൽസിബിഒയുടെ ഈ നടപടി സുരക്ഷാ രംഗത്തെ ഒരു പ്രധാന മാറ്റമാണെന്ന് സെനെക്ക പോളിടെക്നിക്കിലെ പബ്ലിക് സേഫ്റ്റി പ്രൊഫസർ ഇയാൻ മെസഞ്ചർ അഭിപ്രായപ്പെട്ടു. സംഘടിത കവർച്ചകളുടെ വ്യാപ്തിയും അതേസമയം സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ പരിമിതികളും തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോഷണശ്രമങ്ങളിൽ നേരിട്ട് ഇടപെടരുതെന്നും പകരം ഒരു പ്രതിരോധം എന്ന നിലയിൽ മാത്രം പ്രവർത്തിക്കാനുമാണ് സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.








