അതിവേഗം വളരുന്ന ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2027-ൽ ഇലക്ട്രിക് ഇരുചക്രവാഹന (e-two-wheeler) വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast). തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റിലായിരിക്കും ഇരുചക്രവാഹനങ്ങളുടെ നിർമ്മാണം. ഇതിനുപുറമെ, ആദ്യമായി വാഹനം വാങ്ങുന്നവർക്കിടയിൽ കോംപാക്ട് എസ്യുവികൾക്കുള്ള (SUV) വർദ്ധിച്ചുവരുന്ന ആവശ്യകത മുതലെടുക്കുന്നതിനായി രണ്ട് ബാറ്ററി അധിഷ്ഠിത നാല് ചക്ര വാഹനങ്ങളും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ വിഎഫ് 6 (VF 6), വിഎഫ് 7 (VF 7), വിഎഫ് എംപിവി 7 (VF MPV 7), ലിമോ ഗ്രീൻ (Limo Green) എന്നീ നാല് ഇലക്ട്രിക് കാർ മോഡലുകളാണ് വിൻഫാസ്റ്റ് ഇന്ത്യയിൽ വിൽക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര-നാല് ചക്ര വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചുവരികയാണെന്നും 2030-ഓടെ ഈ വിഭാഗത്തിൽ ഗണ്യമായ വിപണി വിഹിതം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും വിൻഫാസ്റ്റ് അധികൃതർ പിടിഐയോട് (PTI) പറഞ്ഞു.
ആദ്യമായി കാർ വാങ്ങുന്നവർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ അഭിരുചി കോംപാക്ട് എസ്യുവികളിലേക്ക് മാറുന്നതിനാൽ അടുത്ത വർഷം ആദ്യം തന്നെ ‘വിഎഫ് 5’ (VF 5) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്ന് വിൻഫാസ്റ്റ് ഏഷ്യയുടെ ഫോർ-വീലർ ബിസിനസ് സിഇഒ തപൻ ഘോഷ് പറഞ്ഞു. 1,000 സിസിയോ അതിൽ താഴെയോ എഞ്ചിൻ ശേഷിയുള്ള എൻട്രി ലെവൽ ഹാച്ച്ബാക്കുകളേക്കാൾ അല്പം കൂടി കരുത്തുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാനാണ് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത്.
ഇന്ത്യയിൽ പ്രതിവർഷം രണ്ട് കാർ മോഡലുകളെങ്കിലും അവതരിപ്പിക്കാനും തൂത്തുക്കുടി പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ശേഷിയായ 50,000 യൂണിറ്റുകളുടെ 100 ശതമാനവും കൈവരിക്കാനും വിൻഫാസ്റ്റ് പദ്ധതിയിടുന്നു. പ്രതിവർഷം 1,50,000 ഫോർ-വീലറുകൾ വരെ നിർമ്മിക്കാൻ ശേഷി വികസിപ്പിക്കാവുന്ന ഈ പ്ലാന്റിൽ നിന്ന് മറ്റ് ഏഷ്യൻ വിപണികളിലേക്കും വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, നിലവിൽ 15 ശതമാനം ഘടകങ്ങൾ പ്രാദേശികമായാണ് ശേഖരിക്കുന്നതെന്നും ഭാവിയിൽ ഇത് ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും ഘോഷ് വ്യക്തമാക്കി. ഏകദേശം ഒരു വർഷം മുമ്പ് ഇന്ത്യയിലെത്തിയ വിൻഫാസ്റ്റിന്റെ പ്രതിമാസ വിൽപ്പന തുടക്കത്തിലെ 500 യൂണിറ്റുകളിൽ നിന്ന് 2,500-3,000 യൂണിറ്റുകളായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തൂത്തുക്കുടിയിലെ ഇതേ പ്ലാന്റിൽ തന്നെ ഇരുചക്രവാഹനങ്ങൾക്കായുള്ള പ്രൊഡക്ഷൻ ലൈനും സജ്ജീകരിച്ചിട്ടുണ്ടെന്ന് വിൻഫാസ്റ്റ് ഇന്ത്യയുടെ ഇരുചക്രവാഹന വിഭാഗം മാർക്കറ്റ് സിഇഒ അനുരാഗ് സക്സേന പറഞ്ഞു. വളർന്നുവരുന്ന ഈ വിപണിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നതായും 2027 ആദ്യ പകുതിയിൽ തന്നെ രണ്ട് മോഡലുകൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഇ-ടൂവീലർ വിപണിയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഒറ്റ ചാർജിൽ നിശ്ചിത റേഞ്ച് ലഭിക്കുന്ന ബാറ്ററി സ്കൂട്ടറുകളായിരിക്കും തുടക്കത്തിൽ അവതരിപ്പിക്കുക. എന്നാൽ റേഞ്ചിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. വാഹനങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് (ബാറ്ററി മാറ്റിവെക്കാനുള്ള) സൗകര്യവും ഉണ്ടായേക്കാം. വാഹനങ്ങളുടെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലാണെന്നും വിവിധ നഗരങ്ങളിൽ ഡീലർഷിപ്പ് കരാറുകൾ ഉറപ്പിച്ചുവരികയാണെന്നും സക്സേന അറിയിച്ചു.
നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കവെ, വിൻഗ്രൂപ്പ് (VinGroup) ഇതുവരെ ഇന്ത്യയിൽ 500 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ചാർജിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ മേഖലകളിലായി 2 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് രാജ്യത്ത് ആസൂത്രണം ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു. ഇരുചക്ര-നാല് ചക്ര വാഹന ഉപഭോക്താക്കൾക്കായി പരമാവധി സ്ഥലങ്ങളിൽ ചാർജിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിൻഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വി-ഗ്രീൻ (V-GREEN), സ്വന്തമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള ഇവി ചാർജിംഗ് കമ്പനികളുമായി സഹകരിച്ചും പ്രവർത്തിക്കുന്നുണ്ട്.
തങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായി 2029 വരെ സൗജന്യ ചാർജിംഗ് സൗകര്യവും, ദീർഘകാല ബാറ്ററി ഗ്യാരണ്ടിയും, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പഴയ വിൻഫാസ്റ്റ് വാഹനങ്ങൾ തിരികെ എടുക്കാനുള്ള (Buy-back) സൗകര്യവും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇരുചക്രവാഹനങ്ങൾക്കും ഇതേ നയം തന്നെയായിരിക്കും തുടരുക. ഇലക്ട്രിക് വാഹന രംഗത്ത് വലിയ പ്രതീക്ഷയർപ്പിക്കുന്ന കമ്പനി, ഭാവിയിൽ പ്ലാന്റ് വിപുലീകരിക്കുന്നതിനായി 500 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തമിഴ്നാട് സർക്കാരുമായി അടുത്തിടെ കരാർ ഒപ്പിട്ടിട്ടുണ്ട്.








