വാഷിങ്ടൺ : യുഎസിൽ സാങ്കേതിക തകരാർ തുടർക്കഥയാകുന്നു. ആദ്യം മൈക്രോസോഫ്റ്റില്‍, പിന്നീട് വിമാന സര്‍വീസിലും ബാങ്കുകളിലും ഒടുവിൽ ആപ്പിളും പണിമുടക്കി. കഴിഞ്ഞ ആഴ്ചയിൽ നെറ്റ്‌വർക്ക് തടസ്സങ്ങൾ ബാധിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ആപ്പിളും ചേർന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആപ്പിളിന്‍റെ ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ആപ്പിൾ സപ്പോർട്ട് എന്നിവയിൽ തടസ്സം നേരിട്ടതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഇൻ്റേണൽ അപ്ഡേറ്റിനെ തുടർന്ന് ചില തകരാറുകൾ ഉണ്ടായതായി ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി ഉപയോഗിക്കുന്ന ക്ലാസിഫൈഡ് നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് അമേരിക്കയിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസിയിലെ കമ്യൂണിക്കേഷൻ സംവിധാനമായ NSANet-ൽ തടസ്സം നേരിടുന്നത്. പലമേഖലകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ അമേരിക്കയുടെ സാമ്പത്തിക മേഖലയേയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.








