ഓട്ടവ : വീസ-കുടിയേറ്റ നയങ്ങളിൽ യുഎസ്-കാനഡ സർക്കാരുകൾ കർശന നിയന്ത്രണം വരുത്തിയതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. ട്രംപ് ഭരണകൂടം വീസ, കുടിയേറ്റ നയങ്ങൾ കടുപ്പിക്കുകയും അടുത്ത വർഷം മുതൽ 2029 വരെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി.
2029 വരെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കാനഡയിലെ ഫെഡറൽ സർക്കാർ തീരുമാനിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും. ഓരോ വർഷവും 1.5 ലക്ഷം വിദേശ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഇനി സ്റ്റഡി പെർമിറ്റ് അനുവദിക്കുക. കൂടാതെ താൽക്കാലിക തൊഴിലാളികളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട് കനേഡിയൻ സർക്കാർ. 2023-ൽ 2,78,045 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡ സ്റ്റഡി പെർമിറ്റ് അനുവദിച്ചിരുന്നു. എന്നാൽ, 2024-ൽ ഇത് 1,88,465 ലക്ഷമായും 2025-ൽ 94,025 ആയും കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.
കുടിയേറ്റ നയങ്ങൾ കടുപ്പിച്ചതോടെ യുഎസിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025-26 അധ്യയന വർഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 6.5% ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ യുഎസിൽ 3,39,435 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. വീസ പരിശോധന കർശനമാക്കിയതും പഠനശേഷമുള്ള തൊഴിലവസരങ്ങളിലെ അനിശ്ചിതാവസ്ഥയുമാണ് വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.








