മലപ്പുറം ജില്ലയിലെ വണ്ടൂർ ടൗൺ മഞ്ചേരി റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം ആളുകൾക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാര സത്താർ മരണപ്പെടുകയും ചെയ്തു. നിലവിൽ പതിനെട്ടു പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്, ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ മൂന്ന് മുതൽ പതിനെട്ട് വരെയുള്ള തീയതികളിൽ ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. എന്നാൽ ഒക്ടോബർ പതിനൊന്നിനാണ് ഹോട്ടൽ ജീവനക്കാർക്ക് രോഗം ആദ്യം സ്ഥിരീകരിക്കുന്നത്. വണ്ടൂർ, തിരുവാലി, കാളികാവ് എന്നീ പഞ്ചായത്തുകളിലുള്ള ആളുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെ തുടർന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് വീടുകൾ തോറും കയറിയുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. കൂടാതെ തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
പകർച്ചവ്യാധി പടരുന്നത് തടയുന്നതിന്റെ ഭാഗമായി വണ്ടൂർ നഗര പരിധിയിലെ റസ്റ്റോറന്റുകൾ, കൂൾബാറുകൾ, കന്റീനുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ രോഗം പടരുന്ന സാഹചര്യത്തിൽ നടത്തിയ ഈ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജുവിന്റെ മേൽനോട്ടത്തിൽ രണ്ട് സ്ക്വാഡുകളായാണ് പരിശോധന പൂർത്തിയാക്കിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് അറിയിച്ചു.







