അതിശക്തമായി കാട്ടു തീ പടര്ന്നതിനെ തുടര്ന്ന് യുഎസിലെ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കല് തുടങ്ങി. സാന് ക്ലെമെന്റെയില് വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച നോര്ട്ടെ കാട്ടുതീ ഇതിനകം 450 ഏക്കറിലധികം പ്രദേശത്തേക്ക് വ്യാപിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ശക്തമായ കാറ്റ് തീ അതിവേഗം പടരാന് കാരണമാകുന്നുണ്ടെന്ന് അധികൃതര് വ്യക്തമാക്കി. നിരവധി കെട്ടിടങ്ങള്ക്ക് തീ ഭീഷണി ഉയര്ത്തിയിട്ടുണ്ട്. നിരവധി വീടുകള്ക്ക് പൂര്ണമായോ ഭാഗികമായോ കത്തിനശിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രദേശത്തുനിന്ന് മാറിനില്ക്കണമെന്നും അധികൃതര് പൊതുജനങ്ങളോട് നിര്ദേശിച്ചു. തീ പടരുന്ന സാഹചര്യത്തില് സുരക്ഷ മുന്നിര്ത്തി മേഖലയിലെ നിരവധി സ്കൂളുകള് വെള്ളിയാഴ്ച നേരത്തേ അടച്ചതായി കാപിസ്ട്രാനോ യൂണിഫൈഡ് സ്കൂള് അധികൃതരും അറിയിച്ചു. പ്രദേശത്ത് ശക്തമായ കാറ്റും ഉയര്ന്ന താപനിലയും നിലനില്ക്കുന്നതിനാല് കാട്ടുതീ പടരാനുള്ള സാഹചര്യം അതീവ ഗുരുതരമാണെന്നാണ് മുന്നറിയിപ്പ്. ലൊസാഞ്ചലസ്, വെഞ്ചുറ കൗണ്ടികളിലും ആന്റലോപ് വാലിയിലും ശനിയാഴ്ച രാത്രി വരെ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളില് തീ പടരാനുള്ള സാധ്യത കൂടുതലായതിനാല് ജാഗ്രത പാലിക്കണമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
അതേസമയം, സാന് ഡിയേഗോ കൗണ്ടിയിലെ ക്യാംപ് പെന്ഡില്ട്ടണില് പടരുന്ന ഹെന്ഡേഴ്സണ് കാട്ടുതീയും അഗ്നിരക്ഷാസേനയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. 2,079 ഏക്കര് പ്രദേശത്താണ് ഈ തീ വ്യാപിച്ചിരിക്കുന്നത്. നോര്ട്ടെ കാട്ടുതീ ഹെന്ഡേഴ്സണ് തീപിടിത്തമുണ്ടായ പ്രദേശത്തിന് ഏകദേശം 20 മൈല് വടക്കായാണ് പടരുന്നത്. രണ്ട് മേഖലകളിലെയും തീയണക്കാനുള്ള പ്രവര്ത്തനങ്ങള് അധികൃതര് തുടരുകയാണ്.







