വിതരണത്തിലുണ്ടായ പിഴവിനെത്തുടർന്ന് ‘ഫ്ലിൻ്റ്സ്റ്റോൺസ്’ (Flintstones) മൾട്ടിവൈറ്റമിനുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾ തിരികെ നൽകിയ ‘ഫ്ലിൻ്റ്സ്റ്റോൺസ് കംപ്ലീറ്റ് മൾട്ടിവൈറ്റമിൻസ് ആൻഡ് മിനറൽസ്’ (Flintstones Complete Multivitamins and Minerals) കുപ്പികൾ, അബദ്ധവശാൽ വീണ്ടും വിൽപ്പനയ്ക്കുള്ള ശേഖരത്തിൽ ഉൾപ്പെടുത്തുകയും മൊത്തവിതരണക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തുവെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. തിരികെ വിളിച്ച ഉൽപ്പന്നങ്ങളിൽ ‘NAAEXKW’ എന്ന ലോട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.
10 mg ക്ലാരിറ്റിൻ അലർജി ടാബ്ലെറ്റുകൾ, 200 mg അലീവ് ടാബ്ലെറ്റുകൾ എന്നിവയും സമാനമായ കാരണത്താൽ തിരിച്ചുവിളിച്ചതായി ഫെഡറൽ ഏജൻസി അറിയിച്ചു. ബേയർ (Bayer Inc.) ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിക്കുന്നതാണ് ഈ മൂന്ന് ഉൽപ്പന്നങ്ങളും. തിരിച്ചു വിളിച്ച ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ, ഹെൽത്ത് കാനഡയെ (Health Canada) അറിയിക്കണമെന്നും സി.എഫ്.ഐ.എ (CFIA) നിർദ്ദേശിച്ചു.







