ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയായി ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ വലിയ കുറവെന്നു റിപ്പോര്‍ട്ട്. വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട പെര്‍മനൻ്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ (PERM) പ്രോഗ്രാമിൽ നിന്നും എട്ടു പ്രമുഖ കമ്പനികളെ യുഎസ് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഈ നടപടിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ അമേരിക്കക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന വാദം ഉയർത്തിയാണ് യുഎസ് അധികൃതർ ഇത്തരമൊരു നടപടിയുമായി രംഗത്ത് എത്തിയത്. എന്നാല്‍, ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ ഇതിനകം തന്നെ കുത്തനെ കുറഞ്ഞതിനാല്‍ പുതിയ നടപടി വലിയ ആഘാതമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. വിദേശ ജീവനക്കാര്‍ക്ക് അമേരിക്കയില്‍ സ്ഥിരമായി ജോലി ചെയ്യാനുള്ള അനുമതി നേടുന്നതിനുള്ള പ്രധാന ഘട്ടമാണ് പിഇആര്‍എം സര്‍ട്ടിഫിക്കേഷന്‍.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കമ്പനികളില്‍ ഒന്നായ ടിസിഎസിന്‍റെ അപേക്ഷകള്‍ 1,804-ല്‍ നിന്ന് രണ്ട് അപേക്ഷകള്‍ മാത്രമായി ചുരുങ്ങി. അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നതിനുള്ള ആദ്യഘട്ടമാണ് പിഇആര്‍എം അപേക്ഷ. ടിസിഎസ് 2024-ല്‍ 1,804 അപേക്ഷകള്‍ സമര്‍പ്പിച്ചപ്പോള്‍ 2025-ല്‍ ഇത് 513 ആയി കുറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കിയത് വെറും രണ്ട് അപേക്ഷകള്‍ മാത്രം. എച്ച്സിഎല്ലിന്‍റെ അപേക്ഷകള്‍ 2025-ലെ 323-ല്‍ നിന്ന് 2026ല്‍ 59 ആയി കുറഞ്ഞു. വിപ്രോ 2024-ല്‍ 257 അപേക്ഷകളും 2025ല്‍ 523 അപേക്ഷകളും സമര്‍പ്പിച്ചു. 2024-ല്‍ വിപ്രോ നല്‍കിയ അപേക്ഷകളില്‍ 169 എണ്ണം നിരസിക്കപ്പെടുകയും 88 എണ്ണം കമ്പനി പിന്‍വലിക്കുകയും ചെയ്തു.
ഇന്‍ഫോസിസ് 2024-ല്‍ 87 PERM അപേക്ഷകളാണ് സമര്‍പ്പിച്ചത്. എന്നാല്‍ 2025, 2026 വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല. കാപ്ജെമിനിയുടെ അപേക്ഷകള്‍ 2024-ലെ 300 ല്‍ നിന്ന് 2025-ല്‍ 361 ആയി ഉയര്‍ന്നെങ്കിലും 2026-ല്‍ 98 ആയി കുറഞ്ഞു. കോഗ്‌നിസൻ്റ് 2024-ല്‍ 1,236 അപേക്ഷകള്‍ നല്‍കിയിരുന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലേയും കണക്ക് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇവരുടേയും കുറയുമെന്നാണ് റിപ്പോര്‍ട്ട്.







