വാഷിംഗ്ടൺ: നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന അയോവയിൽ 15 ബില്യൺ ഡോളർ ചെലവിൽ പുതിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കുമിതെന്നാണ് ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിൽ സ്റ്റീൽ കമ്പനി മേധാവികൾക്കും അയോവയിലെ റിപ്പബ്ലിക്കൻ നേതാക്കൾക്കുമൊപ്പമുള്ള ഒരു ചടങ്ങിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിലെ എസ്സാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനസോട്ട കമ്പനിയായ ‘മെസാബി മെറ്റാലിക്സ്’ (Mesabi Metallics) ആണ് ഈ പുതിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 10 ദശലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഉത്പാദനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഈ പ്ലാന്റിലേക്ക് ആവശ്യമായ അയിര് മിനസോട്ടയിലെ മെസാബി മലനിരകളിൽ വികസിപ്പിച്ച പുതിയ 2.5 ബില്യൺ ഡോളറിന്റെ ഇരുമ്പ് ഖനിയിൽ നിന്നായിരിക്കും നൽകുക.
ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് കഴിഞ്ഞ വർഷം താൻ ഏർപ്പെടുത്തിയ 50% താരിഫാണ് അമേരിക്കൻ സ്റ്റീൽ വ്യവസായത്തെ വീണ്ടും സജീവമാക്കിയതെന്ന് ട്രംപ് പറഞ്ഞു. “ആരും താരിഫ് നൽകാൻ ആഗ്രഹിക്കാത്തതിനാൽ എല്ലാവരും ഇവിടെ ഫാക്ടറികൾ നിർമ്മിക്കുകയാണ്,” ട്രംപ് വ്യക്തമാക്കി.
അയോവയിൽ നവംബർ 3-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് പിന്തുണയേകാൻ ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം നടന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ നേതാക്കളായ ആഷ്ലി ഹിൻസൺ, മരിയാനെറ്റ് മില്ലർ-മീക്ക്സ്, ഗവർണർ കിം റെയ്നോൾഡ്സ്, സെനറ്റർ ജോണി എർൺസ്റ്റ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യു.എസ് പ്രതിരോധം, വാഹന നിർമ്മാണം, കപ്പൽ നിർമ്മാണം, ഗാർഹികോപകരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഈ പുതിയ ഫാക്ടറി വലിയ മുതൽക്കൂട്ടാകുമെന്ന് മെസാബി മെറ്റാലിക്സ് സി.ഇ.ഒ ജോ ബ്രോക്കിംഗ് പറഞ്ഞു.







