യുഎൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് പേരിടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, വ്യാവസായിക വിപ്ലവത്തേക്കാൾ വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യയുടെ പേരുമാറ്റത്തിലൂടെ മാത്രം നിലവിലെ പ്രതിസന്ധികളോ വെല്ലുവിളികളോ പരിഹരിക്കപ്പെടില്ല.
ഇന്ന് ഐ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികൾ വികസനത്തിന്റെ അതിവേഗത, സാങ്കേതികവിദ്യയുടെ ആന്തരിക പ്രവർത്തനങ്ങൾ മനുഷ്യന്റെ ഗ്രഹണശേഷിക്കപ്പുറത്താകുന്നത്, ഫലപ്രദമായ അന്താരാഷ്ട്ര ചട്ടക്കൂടുകളുടെ അഭാവം എന്നിവയാണ്. ഫ്രോണ്ടിയർ മോഡലുകളുടെ ആന്തരിക പ്രവർത്തനങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ ഡെവലപ്പർമാർക്ക് കഴിയുന്നില്ല. കോഡുകൾ എഴുതുകയും സ്വയം പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലത്ത്, എൻജിനീയർമാരുടെ ഗ്രാഹ്യശേഷിക്കപ്പുറത്തേക്ക് എഐ മോഡലുകൾ വളരുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്ന് പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ എഐ ഏജന്റുകൾക്ക് ഇന്റർനെറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞേക്കുമെന്നും ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ജർമനി, കാനഡ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, ശക്തമായ ഒരു അന്താരാഷ്ട്ര ചട്ടക്കൂട് ഇനിയും യാഥാർത്ഥ്യമാകേണ്ടിയിരിക്കുന്നു. യുഎസും ചൈനയും ഇന്ത്യയും അടങ്ങുന്ന പ്രധാന എഐ ശക്തികൾ കൂട്ടായ തീരുമാനങ്ങളിൽ പൂർണ്ണമായി ഒപ്പുവെച്ചിട്ടില്ലാത്തത് ഈ രംഗത്തെ പോരായ്മയാണ് വ്യക്തമാക്കുന്നത്. അതിനാൽ, എഐയുടെ പേര് മാറ്റുന്നതുകൊണ്ട് മാത്രം സുരക്ഷിത്വമോ നിയന്ത്രണമോ ഉറപ്പാക്കാൻ കഴിയില്ലെന്നും, കൃത്യമായ അന്താരാഷ്ട്ര മേൽനോട്ടവും കർശന നിയമങ്ങളുമാണ് നിലവിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമെന്നും ഈ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു.







