കനത്ത മഴയിലും ശക്തമായ കൊടുങ്കാറ്റിലും ടൊറൻ്റോയും സമീപ പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങി. മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ നഗരത്തിലുടനീളം മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഒപ്പം ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴ വീഴ്ചയും കനത്ത മഴയും പെയ്തിറങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പ്രധാന റോഡുകളായ ഡോൺ വാലി പാർക്ക്വേ, ഗാർഡിനർ എക്സ്പ്രസ്വേ, അലൻ റോഡ് എന്നിവ അടച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കം കാരണം പൊതുഗതാഗത സംവിധാനമായ ടി.ടി.സി (TTC) ട്രെയിൻ സർവീസുകൾ പലയിടത്തും നിർത്തിവെച്ചു.
കൊടുങ്കാറ്റിൽ ഏകദേശം 65,000 ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിട്ടതായി ടൊറൻ്റോ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. 20,000 ഉപയോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 45,000 പേർക്ക് വൈദ്യുതി എത്തിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.







