അടുത്ത മാസം നടക്കുന്ന ജനഹിതപരിശോധനയ്ക്കായി തപാൽ ബാലറ്റുകളുടെ വിതരണം ആരംഭിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഒക്ടോബർ 19-ന് നേരിട്ട് വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവർക്കായി ക്രമീകരിച്ചിരിക്കുന്ന ഈ ബാലറ്റുകൾ മുൻകൂർ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ തപാൽ മാർഗ്ഗമോ ആയിരിക്കും വിതരണം ചെയ്യുക. തപാൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒൻപതാണ്. പൂർത്തിയാക്കിയ ബാലറ്റ് പാക്കറ്റുകൾ ഒക്ടോബർ 16-നകം ഇലക്ഷൻസ് ആൽബർട്ട ഓഫീസിൽ ലഭിക്കണം. അതേസമയം, ഒക്ടോബർ 13 മുതൽ 17 വരെ അഡ്വാൻസ് വോട്ടിംഗിനുള്ള സൗകര്യവും ലഭ്യമായിരിക്കും.
10 ചോദ്യങ്ങളാണ് ഈ റഫറണ്ടത്തിൽ പ്രീമിയർ ഡാനിയൽ സ്മിത്തിന്‍റെ സർക്കാർ അവതരിപ്പിക്കുന്നത്. കാനഡയിൽ തുടരണോ അതോ വേർപിരിയുന്നതിനായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്ന പ്രധാന ചോദ്യത്തിന് പുറമെ, കുടിയേറ്റ നിയന്ത്രണം, ഭരണഘടനാ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിലുമാണ് ജനവിധി തേടുന്നത്.







