രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായ ടൊറന്റോയിലെ ഭവന ലഭ്യതക്കുറവും ഉയർന്ന ചിലവുകളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 270 കോടി കനഡിയൻ ഡോളർ (190 കോടി യു.എസ് ഡോളർ) നിക്ഷേപിക്കുമെന്ന് കനഡ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച പ്രഖ്യാപിച്ചു.
ടൊറന്റോ നഗരസഭയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കനേഡിയൻ സർക്കാറിന്റെ ഈ നിക്ഷേപം. ഇത് വഴി 18-ലധികം ഭവന പദ്ധതികളിലായി 5,600-ലേറെ പുതിയ വാടക വീടുകൾ നിർമ്മിക്കും. ഇതിൽ താങ്ങാനാവുന്ന നിരക്കിലുള്ളതും, സാമ്പത്തിക സഹായത്തോടെ നൽകുന്നതും, വാടക നിയന്ത്രണമുള്ളതുമായ 1,800 വീടുകളും ഉൾപ്പെടുമെന്ന് വാർത്താസമ്മേളനത്തിൽ കാർണി പറഞ്ഞു.
70 ലക്ഷത്തിലധികം ജനസംഖ്യയുള്ള ടൊറന്റോ മെട്രോപൊളിറ്റൻ പ്രദേശം കാനഡയുടെ സാമ്പത്തിക കേന്ദ്രമാണ്. കൂടാതെ രാജ്യത്ത് ഏറ്റവും ഉയർന്ന ഭവനച്ചെലവുള്ള മേഖലകളിൽ ഒന്നു കൂടിയാണിത്.
“ടൊറന്റോയിലെ നിരവധിയാളുകൾ വാടക കൊടുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. അതിനൊരു മാറ്റം വരുത്താനാണ് ഇന്നത്തെ ഈ പ്രഖ്യാപനം കൊണ്ട് ലക്ഷ്യമിടുന്നത്,” കാർണി വ്യക്തമാക്കി.







