ഓഹരി വിപണിയിലെ ക്ലോസിങ് സമയത്തിലും വ്യാപാരം അവസാനിപ്പിക്കുന്ന രീതിയിലും പുതിയ മാറ്റങ്ങൾ നിലവിൽവന്നു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിൽ ഉൾപ്പെടെയുള്ള ഓഹരികളുടെ ക്ലോസിങ് വില നിശ്ചയിക്കുന്നതിനായി കൂടുതൽ സുതാര്യമായ പുതിയ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് വ്യത്യസ്ത സമയക്രമങ്ങളിലാണ് ഇനി വിപണിയിൽ വ്യാപാരം അവസാനിക്കുന്നത്. വിപണിയിലെ ഇടപാടുകളിൽ കാര്യക്ഷമത ഉറപ്പാക്കാനും അവസാന നിമിഷങ്ങളിലുണ്ടാകുന്ന അനാവശ്യ ചാഞ്ചാട്ടങ്ങൾ ഒഴിവാക്കി കരുത്ത് വർധിപ്പിക്കാനും ഈ പരിഷ്കാരം ഉപകരിക്കും.
വിപണിയിലെ വിവിധ സെക്യൂരിറ്റികൾക്ക് വ്യത്യസ്ത സമയക്രമങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. F&O ലിക്വിഡ് ഓഹരികളുടെ വ്യാപാരം വൈകുന്നേരം 3:15-ന് അവസാനിക്കും; തുടർന്ന് 3:35 വരെ ക്ലോസിംഗ് ഓക്ഷൻ സെഷൻ (CAS) നടക്കും. Non-F&O ഓഹരികളുടെ വ്യാപാരം വൈകുന്നേരം 3:30-ന് അവസാനിക്കുകയും നിലവിലുള്ള 30 മിനിറ്റ് VWAP രീതി തുടരുകയും ചെയ്യും. അതേസമയം, ഇൻഡക്സ് & സ്റ്റോക്ക് ഡെറിവേറ്റീവുകളിൽ വൈകുന്നേരം 3:40 വരെ സാധാരണ രീതിയിൽ വ്യാപാരം തുടരുന്നതാണ്.
എഫ്‌ആൻഡ്‌ഒ ഓഹരികൾക്കായി പ്രത്യേകം തയ്യാറാക്കിയ 20 മിനിറ്റ് നീളുന്ന ലേല പ്രക്രിയയിൽ ഉച്ചകഴിഞ്ഞ് 3:00 മുതൽ 3:15 വരെയുള്ള വ്യാപാരത്തിന്റെ ശരാശരി വില (VWAP) കണക്കാക്കി റഫറൻസ് വില നിശ്ചയിക്കുന്നു. തുടർന്ന് 3:15 മുതൽ 3:20 വരെയുള്ള ട്രാൻസിഷൻ പിരീഡിൽ പുതിയ ഓർഡറുകൾ സ്വീകരിക്കില്ല. 3:20 മുതൽ 3:30 വരെയുള്ള ഓർഡർ എൻട്രി വിൻഡോയിൽ, ആദ്യ 5 മിനിറ്റ് ലിമിറ്റ്/മാർക്കറ്റ് ഓർഡറുകളും ശേഷിക്കുന്ന സമയം ലിമിറ്റ് ഓർഡറുകൾ മാത്രവും അനുവദിക്കും. 3:28-നും 3:30-നും ഇടയിൽ സിസ്റ്റം ക്രമരഹിതമായി (Random Close) ലേലം അവസാനിപ്പിച്ച ശേഷം, 3:30 മുതൽ 3:35 വരെയുള്ള മാച്ചിങ് പ്രക്രിയയിലൂടെ ‘ഇക്വിലിബ്രിയം വില’ (Equilibrium Price) കണ്ടെത്തുകയും അതിൽ ഇടപാടുകൾ പൂർത്തിയാക്കുകയും ചെയ്യുന്നു.
അവസാന 30 മിനിറ്റിലെ ശരാശരി വിലയ്ക്ക് (VWAP) പകരം ലേലത്തിലൂടെ കണ്ടെത്തുന്ന ഇക്വിലിബ്രിയം വിലയാണ് ഇനി ഔദ്യോഗിക ക്ലോസിങ് വിലയായി പരിഗണിക്കുന്നത്. ഏറ്റവും കൂടുതൽ ഓഹരികൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന വിലയാണ് ഇക്വിലിബ്രിയം വിലയായി നിശ്ചയിക്കുക. ഇതിൽ മാർക്കറ്റ് ഓർഡറുകൾക്ക് ലിമിറ്റ് ഓർഡറുകളേക്കാൾ മുൻഗണന ലഭിക്കും. വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളിൽ ലിക്വിഡിറ്റി വർധിപ്പിക്കാനും, വലിയ ഓർഡറുകൾ മൂലം ക്ലോസിംഗ് വിലയിൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും, അവസാന മിനിറ്റുകളിലെ കൃത്രിമത്വം തടയാനുമാണ് ന്യൂയോർക്ക്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ മാതൃകയിലുള്ള ഈ നീക്കം.
നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ, സിഎഎസ് (CAS) വിഭാഗത്തിൽപ്പെട്ട ഇൻട്രാഡേ (MIS) ഓഹരികളുടെ ഓട്ടോ സ്ക്വയർ-ഓഫ് സമയം വൈകുന്നേരം 3:10-ലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ഓഹരികൾക്കും ഡെറിവേറ്റീവുകൾക്കും ഇത് 3:25 ആയി തുടരും. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷനുകൾ ലേലത്തിൽ പങ്കെടുക്കാതെ 3:40 വരെ സാധാരണ നിലയിൽ വ്യാപാരം തുടരുമ്പോൾ, വൈകുന്നേരം 3:50 മുതൽ 4:00 വരെയുള്ള പോസ്റ്റ്-ക്ലോസ് സെഷനിൽ ക്ലോസിംഗ് വിലയിൽ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കും. കൂടാതെ, നടക്കാതെ പോയ ലിമിറ്റ് ഓർഡറുകൾ ലേലത്തിലേക്ക് മാറ്റപ്പെടുമെങ്കിലും സ്റ്റോപ്പ് ലോസ്, ഐസ്ബെർഗ് ഓർഡറുകൾക്ക് ലേലത്തിൽ അനുമതിയുണ്ടാകില്ല.







