newsroom@amcainnews.com

യുക്രെയ്‌ൻ ഡ്രോൺ ആക്രമണം: റഷ്യയിൽ ഇന്ത്യൻ പൌരൻ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു, ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരുക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മോസ്കോയ്ക്ക് നേരെ യുക്രെയ്‌ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച രാത്രി നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 1,000-ൽ അധികം യുക്രേനിയൻ ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണങ്ങളിൽ പലയിടത്തും ജനവാസ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായും ഇതിൽ മൂന്നുപേർ മോസ്കോ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു. യുക്രെയ്ൻ അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലും ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

മോസ്കോയ്ക്ക് വടക്ക് ഖിംകിയിൽ വീടിന് മുകളിൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു സ്ത്രീ മരിച്ചതായി മോസ്കോ റീജിയണൽ ഗവർണർ ആൻഡ്രി വൊറോബിയോവ് പറഞ്ഞു. മിറ്റിഷ്ചി ജില്ലയിലെ പോഗോറെൽക്കി ഗ്രാമത്തിൽ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോസ്കോയുടെ പെട്രോളിയം റിഫൈനറിക്ക് സമീപമാണ് ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തത്. യുദ്ധം ആരംഭിച്ച് നാല് വർഷത്തിലേറെയായി. യുദ്ധം തുടങ്ങിയ ശേഷം റഷ്യ നടത്തിയ ഏറ്റവും കനത്ത വ്യോമാക്രമണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് യുക്രെയ്‌ൻ്റെ ഭാഗത്തുനിന്ന് ഈ ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ ആക്രമണത്തിന് ശേഷം തിരിച്ചടിയുണ്ടാകുമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ വ്യോമ പ്രതിരോധ സംവിധാനമുണ്ടായിട്ടും, റഷ്യൻ പ്രദേശത്തിനുള്ളിൽ 500 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ യുക്രെയ്‌ന്‌ കഴിഞ്ഞതായി യുക്രേനിയൻ പ്രസിഡന്റ് അവകാശപ്പെട്ടു.

You might also like

ഫിലിപ്പീൻസ് സെനറ്റർ റോഡാന്റെ മാർക്കോലെറ്റയുടെ അറസ്റ്റും രാഷ്ട്രീയ പ്രതിസന്ധിയും

യുഎസിലെ മെറിലാന്‍ഡില്‍ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരുക്ക്

ഒന്റാറിയോ കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിയമിച്ചു

മയക്കുമരുന്ന് കടത്ത്: ബ്രാംപ്ടൺ സ്വദേശിക്ക് യുഎസിൽ 20 വർഷം തടവ് ശിക്ഷ

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണം: ഇറാനെതിരെ യുഎസ് വ്യോമാക്രമണം; ബഹ്‌റൈനും കുവൈറ്റും ലക്ഷ്യമിട്ട് വീണ്ടും സംഘർഷം

രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമായി പൂജ കുമാരി; ഭൂപടത്തിലെ തെറ്റ് തിരുത്തി ഐഎഫ്എസ് ഉദ്യോഗസ്ഥ

Top Picks for You
Top Picks for You