തിരുവനന്തപുരം: ഇലക്ട്രിസിറ്റി മീറ്ററിൽ നിന്നും മുൻവാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് ഒരു കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്താണ് സംഭവം നടന്നത്. രമ്യയും അവരുടെ രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് കൊലപാതക ശ്രമം ഉണ്ടായത്. ഇലക്ട്രിസിറ്റി മീറ്ററിൽ നിന്നുള്ള ഒരു കമ്പി വീടിന്റെ മുൻവാതിലിൽ ഘടിപ്പിച്ച് ചുറ്റി വച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ വാതിൽ തുറന്നപ്പോൾ രമ്യയുടെ മൂത്ത മകൻ അലന് ഷോക്കേറ്റു. അത്ഭുതകരമായി രക്ഷപ്പെട്ട അവൻ മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങിയപ്പോഴാണ് മീറ്ററിൽ നിന്ന് വൈദ്യുതി കടത്തിവിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് അവൻ നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് മാരായമുട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ ഫോറൻസിക് സംഘവും പരിശോധന നടത്തിവരികയാണ്.
രമ്യ ഏറെ നാളായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. കൊലപാതക ശ്രമത്തിന് പിന്നിൽ കുടുംബ വഴക്കാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.






