newsroom@amcainnews.com

എല്‍ മെന്‍ചോയുടെ കൊലപാതകം: മെക്‌സിക്കോയില്‍ കലാപം; ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി എംബസി

കുപ്രസിദ്ധ മയക്കുമരുന്ന് തലവന്‍ നെമെസിയോ ഒസെഗുര സെര്‍വാന്റസിനെ(എല്‍ മെന്‍ചോ) കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മെക്‌സിക്കോയില്‍ കലാപം. എട്ട് പ്രവിശ്യകളിൽ കലാപം വ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നും മെക്‌സിക്കോയിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഹാലിസ്‌കോ, പ്യൂര്‍ട്ടോ വല്ലാര്‍ട്ട, ഗ്വാഡലഹാര തുടങ്ങി മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ഹൈവേകള്‍ ഉപരോധിച്ചും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടും കാര്‍ട്ടല്‍ അംഗങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സൈന്യത്തിന് നേരെ പലയിടത്തും വെടിവെപ്പും സ്‌ഫോടനങ്ങളും തുടരുന്നു. ഈ പശ്ചാത്തലത്തില്‍, താമസസ്ഥലത്തിന് പുറത്തുള്ള സഞ്ചാരം കുറയ്ക്കാനും പ്രാദേശിക മാധ്യമങ്ങള്‍ വഴി സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും എംബസി നിര്‍ദ്ദേശിച്ചു. അടിയന്തര സഹായത്തിനായി +52-55-4847-7539 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും 911 എന്ന അടിയന്തര നമ്പറും ലഭ്യമാക്കിയിട്ടുണ്ട്.

ഹാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (CJNG) സൈന്യത്തിനെതിരെ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം കനത്ത ഭീതിയിലാണ്. പ്യൂര്‍ട്ടോ വല്ലാര്‍ട്ട വിമാനത്താവളത്തിലടക്കം യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോമിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് മാഫിയകള്‍ക്കിടയിലുള്ള അധികാര തര്‍ക്കം വരും ദിവസങ്ങളില്‍ അക്രമം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം.

You might also like

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: വ്യാജ ഭീഷണികൾ പ്രചരിക്കുന്നതായി ആർസിഎംപി

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 മരണം

കാൽഗറിയിൽ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

Top Picks for You
Top Picks for You