newsroom@amcainnews.com

നൈജീരിയയിൽ സെന്റ് മേരീസ് കാത്തലിക് സ്കൂൾ തോക്കുധാരികളുടെ ആക്രമണം; പെൺകുട്ടികളടക്കം 303 സ്കൂൾ വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ സെന്റ് മേരീസ് കാത്തലിക് സ്കൂൾ ആക്രമിച്ച തോക്കുധാരികൾ വിദ്യാർഥികളും അധ്യാപകരുമടക്കം 315 പേരെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടികളടക്കം 303 സ്കൂൾ വിദ്യാർഥികളെയും 12 അധ്യാപകരെയുമാണു തട്ടിക്കൊണ്ടുപോയതെന്നു ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. സംഘർഷബാധിതമായ വടക്കൻ സംസ്ഥാനം നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സ്കൂളിലാണു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല.

സമാനമായ സാഹചര്യത്തിൽ സമീപപ്രദേശമായ കെബിയിൽ തിങ്കളാഴ്ച ബോർഡിങ് സ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണത്തിനായി തട്ടിക്കൊണ്ടുപോകൽ വർധിച്ച സാഹചര്യത്തിൽ നൈജർ സംസ്ഥാനത്തെ സ്കൂളുകൾക്കൊപ്പം 47 കോളജുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. സംഘർഷബാധിതമായ 10 സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സ്കൂളുകളിലും ആവശ്യമായ സുരക്ഷാമുന്നറിയിപ്പു സംവിധാനങ്ങളില്ലെന്ന് യുനിസെഫ് പറഞ്ഞു.

2014 ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം ചിബോക് പട്ടണത്തിലെ 276 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയത് ആഗോളശ്രദ്ധ നേടിയിരുന്നു. വടക്കൻ മേഖലയിൽ സജീവമായ ഡസൻകണക്കിന് കൊള്ളസംഘങ്ങൾ വിദൂരമേഖലയിലെ സ്കൂളുകൾ ആക്രമിച്ചു കഴിഞ്ഞ വർഷങ്ങളിൽ ആകെ 1500 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്. പണം നൽകിയാണ് ഇവരിലേറെപ്പേരെയും പിന്നീടു മോചിപ്പിച്ചത്.

നൈജീരിയയിൽ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ ആക്രമണം വ്യാപകമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം നൈജീരിയ തള്ളിയിരുന്നു. നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുഎസ് സന്ദർശിക്കുന്നതിനിടെയാണ് സ്കൂൾ ആക്രമണം. ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കാൻ സൈനികനടപടിയും ഉപരോധവും അടക്കം കടുത്ത നടപടി യുഎസ് പരിഗണനയിലുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

You might also like

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

Princess Isabella's Historic Military Service

ഇസബെല്ല രാജകുമാരിയുടെ ചരിത്രപരമായ സൈനിക സേവനം

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Carney responds to Trump's 'nasty' comment: Explains he is defending workers' interests

വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

ബ്രിട്ടീഷ് കൊളംബിയ തീരത്ത് ഭൂചലനം: 4.3 തീവ്രത

Top Picks for You
Top Picks for You