newsroom@amcainnews.com

ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; കോടതിമുറിയിലും പരിസരത്തും ആർപ്പുവിളികളും കൈയ്യടിയും

ധാക്ക: ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അസാന്നിധ്യത്തിൽ, കൂട്ടക്കൊലയും പീഡനവും അ‌‌ടക്കം അഞ്ചു കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. വധശിക്ഷയെ ‘ചരിത്രപരമായ വിധി’ എന്നാണ് ബംഗ്ലദേശ് സർക്കാർ വിശേഷിപ്പിച്ചത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കുറ്റക്കാരാണെന്നു കോടതി പറഞ്ഞു.

വിധിക്കു പിന്നാലെ, ധാക്കയിലും സമീപപ്രദേശങ്ങളിലും സർക്കാർ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കോടതിമുറിയിലും പരിസരത്തും കൂടിയിരുന്ന ആൾക്കൂട്ടം ആർപ്പുവിളികളോടയും കൈയ്യടിയോടെയുമാണ് വിധിപ്രസ്താവത്തെ സ്വീകരിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മുട്ടുകുത്തി പ്രാർഥിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 30 ദിവസത്തിനകം രാജ്യത്തു തിരികെയെത്തിയാലേ ഹസീനയ്ക്ക് അപ്പീനൽകാനാവൂ.

ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്കു മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടെന്നും വിദ്യാർഥികൾക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ച് അറിയാമായിരുന്നെന്നും കോടതി വിലയിരുത്തി. ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതിഷേധക്കാർക്കു നേരെ ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദേശിച്ചതായും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു.

തൊഴിൽസംവരണത്തിനും അഴിമതിക്കുമെതിരെ യുവാക്കളും വിദ്യാർഥികളും തുടങ്ങിവച്ച സമരമാണ് വലിയ പ്രക്ഷോഭത്തിലേക്കും ഹസീനയുടെ അധികാരനഷ്ടത്തിലേക്കും നയിച്ചത്. 1971ൽ ബംഗ്ലാവിമോചനസമരം നയിച്ചവർക്കു നൽകിയിരുന്ന 30% ജോലി സംവരണം പിന്നീട് അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും നൽകുന്നതു റദ്ദാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം,

2018ൽ സർക്കാർ നിർത്തലാക്കിയ സംവരണം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് സമരം തുടങ്ങിയത്. ഹസീന പ്രക്ഷോഭകരെ ‘റസാക്കർ’ എന്നു വിളിച്ചത് കൂടുതൽ പ്രകോപനത്തിനു കാരണമായി. വിമോചനസമരകാലത്തു പാക്കിസ്ഥാനെ പിന്തുണച്ചവരാണ് റസാക്കർമാർ. ഹസീന പ്രക്ഷോഭത്തെ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രക്ഷോഭം കലാപമായതോടെയാണ് ഹസീനയ്ക്കു രാജ്യം വിട‌‌േണ്ടിവന്നത്. പിന്നാലെ, നൊബേൽ ജേതാവായ സാമ്പത്തികവിദഗ്ധൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ വരികയും ചെയ്തു.

200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ബംഗ്ലദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു.

You might also like

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

യുക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് കാർണി

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

കാനഡയുടെ മത്സരം ഒഴിവാക്കി, യുഎസിന്‍റെ മത്സരം കണ്ട് ട്രൂഡോ

Top Picks for You
Top Picks for You