ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാൽ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് കാനഡ. ട്രാവൽ അഡ്വൈസ് ആൻ്റ് അഡ്വൈസറീസ് (TAAs) നൽകിയ അപകടസാധ്യത പരിഗണിച്ചാണ് നിർദ്ദേശം. ഫിലിപ്പീൻസിൽ ടൈഫൂൺ ടിനോ എന്നറിയപ്പെടുന്ന കൽമേഗി ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന 20ാമത്തെ ചുഴലിക്കാറ്റാണിത്. കിഴക്കൻ സമറിനും ഡിനഗട്ട് ദ്വീപുകൾക്കും ഇടയിൽ 150 കിലോമീറ്റർ-205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും തീരദേശ സമൂഹങ്ങളിലും വൻനാശനഷ്ടം വിതയ്ക്കാനുള്ള സാധ്യതയമുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം. കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും ഗതാഗതം, വൈദ്യുത വിതരണം, വെള്ളം, ഭക്ഷ്യവിതരണം, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ തുടങ്ങിയ സേവനങ്ങളെ തടസപ്പെടുത്താമെന്നും സൂചനയുണ്ട്. ഫിലിപ്പീൻസിലുള്ള കനേഡിയൻ പൗരൻമാർ പ്രാദേശിക വാർത്തകളും കാലാവസ്ഥാ റിപ്പോർട്ടുകളും നിരന്തരം നിരീക്ഷിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റിനോടനുബന്ധിച്ച് നിരവധി വിമാനക്കമ്പനികൾ വിമാന സർവീസുകൾ റദ്ദാക്കി. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
















