2026ലെ ബജറ്റിൻ്റെ പ്രാഥമിക രൂപരേഖ പുറത്തുവിട്ട് കാൽഗറി നഗരസഭ. വേഗത്തിലുള്ള ജനസംഖ്യാ വർധനവിനെ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് നഗരസഭ വ്യക്തമാക്കി. 2025 ഒക്ടോബർ 20ന് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, നിലവിലെ കൗൺസിൽ അന്തിമ തീരുമാനം എടുക്കില്ല. നവംബർ മുതൽ ചുമതലയേൽക്കുന്ന പുതിയ കൗൺസിലാകും അന്തിമ ബജറ്റ് പാസാക്കുക. 318.2 മില്യൺ ഡോളർ അധികം ചെലവിടാനാണ് നഗരസഭ പദ്ധതിയിടുന്നത്. അതിൽ 260 മില്യൺ ഡോളറിലധികം ഭവനവ്യവസ്ഥ, പൊതുസുരക്ഷ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായാണ് മാറ്റി വച്ചിരിക്കുന്നത്.
2020 മുതൽ 2024 വരെ ഏകദേശം 2,20,000 പേർ നഗരത്തിലെത്തിയപ്പോൾ, കഴിഞ്ഞ വർഷം മാത്രം 1,00,000 പേർ കുടിയേറിയതായാണ് കണക്ക്. ഇതേ തുടർന്ന് ചെലവിലുണ്ടായ വർധന നികുതി വരുമാനം, പ്രതീക്ഷിക്കുന്ന ബജറ്റ് മിച്ചം, അടിയന്തര ഫണ്ടുകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം, എൻമാക്സ് ലാഭത്തിൽ നിന്നുള്ള വിഹിതം തുടങ്ങിയവ ഉപയോഗിച്ച് നികത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നിലവിലുള്ള നികുതിദായകർക്ക് 3.6 ശതമാനം അധിക നികുതി നൽകേണ്ടിവരും. നഗരസഭയുടെ നാല് വർഷത്തെ ബജറ്റ് പദ്ധതിയിൽ മുമ്പുതന്നെ അംഗീകരിച്ച നിരക്കാണിത്. ജൂണിൽ തന്നെ ഈ വർധനയെക്കുറിച്ച് ഭരണകൂടം സൂചന നല്കിയിരുന്നു.







