ജൂലൈയില്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ 41,000 തൊഴിലവസരങ്ങളുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ജൂണില്‍ നിന്ന് ഏകദേശം മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ തൊഴിലില്ലായ്മ നിരക്ക് 6.9ശതമാനമായി തുടരുന്നതായും ഏജന്‍സി അറിയിച്ചു. ജൂലൈയില്‍ സമ്പദ്വ്യവസ്ഥയ്ക്ക് 51,000 ഫുള്‍ ടൈം ജോലികള്‍ നഷ്ടപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണെന്നും ഫെഡറല്‍ ഏജന്‍സി പറയുന്നു.
ജൂലൈയില്‍ നിരവധി വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതായി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരസാങ്കേതികവിദ്യ, സംസ്‌കാരം, വിനോദം എന്നീ മേഖലകളില്‍ 29,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. കൂടാതെ നിര്‍മ്മാണ മേഖലയിലും 22,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായും ഏജന്‍സി അറിയിച്ചു. അതേസമയം ഗതാഗത, വെയര്‍ഹൗസിങ് മേഖലകളില്‍ 26,000 തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് ഈ നഷ്ടത്തിന് പരിഹാരമായി. ജനുവരി മുതല്‍ ഈ മേഖലയുടെ ആദ്യത്തെ തൊഴില്‍ വളര്‍ച്ചയാണിത്. കാനഡയില്‍ യുഎസ് താരിഫ് ബാധിച്ച പ്രധാന മേഖലയായ ഉല്‍പ്പാദന മേഖലയില്‍ ജൂലൈയില്‍ 5,300 തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് തുടര്‍ച്ചയായ രണ്ടാം മാസവും മിതമായ തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍, ഉല്‍പ്പാദന മേഖലയില്‍ 9,400 തൊഴിലവസരങ്ങള്‍ കുറഞ്ഞു.