ഓട്ടവ: കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള സെർവറുകളിലാണ് കനേഡിയൻ ആരോഗ്യ ഡാറ്റ സൂക്ഷിക്കുന്നത്. ഇതിനാലാണ് കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കിയത്.
ക്ലിനിക്കുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സംവിധാനങ്ങൾ പലപ്പോഴും യുഎസ് കമ്പനികളാണ് നിയന്ത്രിക്കുന്നത്. ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും പ്രാഥമികമായി കാനഡയിലെ ക്ലൗഡ് സെർവറുകളിലാണ് സൂക്ഷിക്കുകയും ചെയ്യുന്നത്. എന്നാൽ അവ അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതിനാൽ അവ അമേരിക്കൻ നിയമങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെയാണ് കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഒരു ഭീഷണി നേരിടുന്നു എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണൽ പ്രകാരം, വിദേശ സ്ഥാപനങ്ങൾ രോഗികളുടെ ഡാറ്റ ആക്‌സസ് ചെയ്യുന്നത് തടയാൻ കനേഡിയൻമാരുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണ് എന്നാണ് നിർദ്ദേശം. കനേഡിയൻ സ്വകാര്യതാ നിയമം വളരെ കാലഹരണപ്പെട്ടതാണ് എന്ന് ഓട്ടവ സർവകലാശാലയിലെ നിയമ വിദഗ്ദ്ധനും പ്രൊഫസറും ജേണലിൻ്റെ സഹ-രചയിതാവുമായ മൈക്കൽ ഗൈസ്റ്റ് പറഞ്ഞു .