ഓട്ടവ: കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ ഇമിഗ്രേഷൻ റെഫ്യൂസൽ ലെറ്റവർ മുഖേന വിശദീകരണം നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(IRCC) അറിയിച്ചു. കനേഡിയൻ ഇമിഗ്രേഷൻ സംവിധാനത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ജൂലൈ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി ഐആർസിസി അറിയിച്ചു. കത്തുകൾ വഴി കുടിയേറ്റ അപേക്ഷ നിരസിച്ചതിന്റെ കാരണം വിശദീകരിക്കും.
ചില അപേക്ഷകൾക്കുള്ള ഉദ്യോഗസ്ഥന്റെ തീരുമാനം റെഫ്യൂസൽ ലെറ്ററിൽ ഉൾപ്പെടുത്തും. അപേക്ഷ നിരസിക്കാനുള്ള കാരണം ഈ കുറിപ്പുകളിൽ വിശദീകരിക്കും. അന്തിമ തീരുമാനമെടുത്ത ഉദ്യോഗസ്ഥനിൽ നിന്നാണ് കത്ത് ലഭിക്കുക. ഇതുവരെ കുടിയേറ്റ അപേക്ഷ നിരസിക്കുമ്പോൾ എന്താണ് കാരണമെന്ന് വെളിപ്പെടുത്തി അപേക്ഷകർക്ക് വിശദീകരണം നൽകാറില്ലായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നിയമം നടപ്പിലാക്കുന്നതെന്ന് ഐആർസിസി വ്യക്തമാക്കി.
താൽക്കാലിക താമസ വിസ, വിസ എക്സ്റ്റൻഷൻ അപേക്ഷകൾ, സന്ദർശക രേഖകൾ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ് എന്നീ അപേക്ഷകൾക്ക് പുതിയ നിയമം ബാധകമായിരിക്കും. എന്നാൽ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷനുകളും താൽക്കാലിക താമസാനുമതികളും ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ഐആർസിസി അറിയിച്ചു.