സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒന്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതോടെയാണ് നടപടി. നേരത്തെ, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഉയര്‍ന്ന ഫീസ് ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ ഫെഡറല്‍, പ്രവിശ്യാ ഫണ്ടിന്റെ കുറവ് നികത്തിയിരുന്നത്. ഈ സാഹചര്യത്തില്‍, നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ കൊണസ്റ്റോഗ കോളേജ് 190 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും നാല് ഉന്നത തസ്തികകളില്‍ നിന്നുള്ളവരെ ഒഴിവാക്കി.
അതേസമയം, ഒന്റാരിയോയിലെ കോളേജുകളിലും സര്‍വകലാശാലകളിലുമുണ്ടായ ഈ അവസ്ഥയ്ക്ക് ഡഗ് ഫോര്‍ഡ് സര്‍ക്കാരും ഉത്തരവാദികളാണെന്ന് പ്രവിശ്യാ എന്‍ഡിപി നേതാവ് മാരിറ്റ് സ്‌റ്റൈല്‍സ് കുറ്റപ്പെടുത്തി. പോസ്റ്റ് സെക്കന്ററി മേഖലയിലെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ കാരണം അടുത്ത തലമുറയുടെ ഭാവി അപകടത്തിലാണെന്ന് അവര്‍ പറഞ്ഞു. ഈ വെട്ടിക്കുറയ്ക്കലുകള്‍ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാട്ടര്‍ലൂ എംപി കാതറിന്‍ ഫൈഫുംചൂണ്ടിക്കാട്ടി.