ഓട്ടവ : സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഔദ്യോഗിക മൊബൈൽ ഫോണുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കാർണി സർക്കാർ. കമ്പ്യൂട്ടർ അധിഷ്ഠിത സോഫ്റ്റ്‌ഫോണുകളിലേക്ക് മാറിക്കൊണ്ടും ബജറ്റിൽ പണം ലാഭിക്കാൻ ലക്ഷ്യമിട്ടുമാണ് ഈ നീക്കം. മിക്ക പുതിയ ജീവനക്കാർക്കും ഇനി സർക്കാർ ഫോണുകൾ ലഭിച്ചേക്കില്ലെന്ന് ഷെയേർഡ് സർവീസസ് കാനഡ (SSC) അറിയിച്ചു. 1.8 ലക്ഷം ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ (iOS, Android) SSC കൈകാര്യം ചെയ്യുന്നുണ്ട്.
ജീവനക്കാരുടെ സ്ഥാനം, പ്രവർത്തനപരമായ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് മാത്രമേ ഇനി സെൽഫോണുകൾ നൽകുകയുള്ളുവെന്ന് SSC വക്താവ് അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ മൊബൈൽ ഫോണുകൾക്കായി 8.94 കോടി ഡോളറാണ് SSC ചെലവഴിച്ചത്, ഇത് 2023-24 വർഷത്തിലെ 15.77 കോടി ഡോളറിനേക്കാളും 2022-23 വർഷത്തിലെ 17.41 കോടി ഡോളറിനേക്കാളും കുറവാണ്. വിദേശത്തുള്ള ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും സോഫ്റ്റ്‌ഫോൺ സംവിധാനം നടപ്പിലാക്കാനാണ് 2025-26 വർഷത്തേക്കുള്ള SSC-യുടെ പദ്ധതി. ഇത് സുരക്ഷിതവും, ചെലവ് കുറഞ്ഞതും, പരിസ്ഥിതി സൗഹൃദവുമാണെന്ന് സർക്കാർ പറയുന്നു. അനാവശ്യമായ ലാൻഡ്‌ലൈൻ കണക്ഷനുകൾ നിർത്തലാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.