പതിനാറ് വയസ്സുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം. ഫിൻലെ വാൻ ഡെർ വെർക്കൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കൾ ഓക്ക്‌വില്ലെ ട്രാഫൽഗർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. 2024 ഫെബ്രുവരി ആദ്യമായിരുന്നു സംഭവം.
മൈഗ്രെയ്ൽ സഹിക്കാൻ വയ്യാത്തതിനെ തുടർന്നാണ് ഫിൻലെയെ ആശുപതിയിലേക്ക് കൊണ്ടു പോയത്. സമയം കഴിയും തോറും നില വഷളാവുകയായിരുന്നു. മകൻ നിലവിളിച്ചു കൊണ്ടിരുന്നിട്ടും നഴ്‌സുമാരോട് പറഞ്ഞിട്ടും മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് മാതാവ് ഹേസൽ പറയുന്നു. പുലർച്ചെ മൂന്ന് മണിക്ക് ഒരു ഡോക്ടർ മാത്രമേയുള്ളൂ എന്നും നാല് മണിക്ക് മറ്റൊരാൾ വരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞന്ന് ഹേസൽ പറഞ്ഞു. പിന്നീട് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ ഫിൻലിയെ രാത്രി 10 മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 6:22 വരെ ഒരു ഫിസിഷ്യനും പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.
ഫിൻലേയ്ക്ക് ഹൈപ്പോക്സിയയോടൊപ്പം സെപ്സിസും ന്യുമോണിയയും ഉണ്ടെന്നും അവസ്ഥ വഷളാകാനുള്ള സാധ്യതയുണ്ടെന്നും ആയിരുന്നു പിന്നീട് ഡോക്ടർമാർ പറഞ്ഞത്. പിന്നാലെ ഫിൻലേ മരണപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ, അവർക്ക് പിഴവ് പറ്റിയെന്ന് സമ്മതിച്ചില്ലെങ്കിൽക്കൂടി നേരത്തെ കൃത്യമായ ചികിത്സ ലഭിച്ചിരുന്നു എങ്കിൽ ഫിൻലെ രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്നു എന്ന് പറഞ്ഞതായി മാതാപിതാക്കൾ അറിയിച്ചു.