അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി (Measles) പടരുന്നതായി റിപ്പോർട്ട്. നോവസ്കോഷയിലും ന്യൂബ്രൺസ്‌വിക്കിലുമാണ് കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രവിശ്യയുടെ നോർത്ത് മേഖലയിൽ 30 കേസുകൾ റിപ്പോർട്ട് ചെയ്തതായി നോവസ്കോഷ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ന്യൂബ്രൺസ്‌വിക്കിന്റെ ഓൺലൈൻ ഡാഷ്‌ബോർഡ് പ്രകാരം സൗത്ത്-സെൻട്രൽ മേഖലയിൽ 15 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നാല് കേസുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ 2025-ൽ ഇതുവരെ അഞ്ചാംപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള കമ്മ്യൂണിറ്റികളിലാണ് നോർത്ത് മേഖലയിലെ അഞ്ചാംപനി വ്യാപനം സംഭവിച്ചിരിക്കുന്നതെന്ന് നോവസ്കോഷ ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ, ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗം പടരുന്നത് തടയാൻ, ജനസംഖ്യയിൽ 95 ശതമാനം വാക്സിനേഷൻ നിരക്ക് (രണ്ട് ഡോസ് വാക്സിൻ ഉൾപ്പെടെ) ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.