കാനഡയില്‍ പുതുജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് വെല്ലുവിളിയായി, തുടര്‍ച്ചയായി രണ്ടാം മാസവും കാനഡയുടെ ഇമിഗ്രേഷന്‍ ബാക്ക്ലോഗ് വര്‍ധിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇന്‍വെന്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷന്‍ ബാക്ക്ലോഗ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 5.02% വര്‍ധിച്ചതായി ഐആര്‍സിസി റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനത്തോടെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 802,000 ആയിരുന്നത് ജൂണ്‍ 30 വരെ 842,800 ആയി വര്‍ധിച്ചു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്, മൊത്തം സ്ഥിര താമസ, താല്‍ക്കാലിക താമസ അപേക്ഷകളുടെ എണ്ണം 2,189,500 ആയിരുന്നു. ഇതില്‍ 1,346,700 എണ്ണം സേവന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രോസസ്സ് ചെയ്തതായി ഐആര്‍സിസി അറിയിച്ചു.
പൗരത്വ, ഇമിഗ്രേഷന്‍, താല്‍ക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷന്‍ ബാക്ക്ലോഗ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്ഥിര താമസ അപേക്ഷകള്‍
ജൂണ്‍ 30 വരെ, സ്ഥിര താമസ (PR) ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കായുള്ള IRCC യുടെ ഇന്‍വെന്ററിയില്‍ ആകെ 896,100 അപേക്ഷകള്‍ ഉണ്ടായിരുന്നു. എക്‌സ്പ്രസ് എന്‍ട്രി, എക്‌സ്പ്രസ് എന്‍ട്രി-അലൈന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) സ്ട്രീമുകള്‍, ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ അപേക്ഷകളില്‍ ആകെ 480,300 (അല്ലെങ്കില്‍ 54%) IRCC യുടെ സേവന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രോസസ്സ് ചെയ്തു. അതായത് 415,800 അപേക്ഷകള്‍ ബാക്ക്ലോഗിന്റെ ഭാഗമായി അവശേഷിക്കുന്നു.
താല്‍ക്കാലിക റസിഡന്റ് പെര്‍മിറ്റ് അപേക്ഷകള്‍
ജൂണ്‍ അവസാനം വരെ, IRCC യുടെ ഇന്‍വെന്ററിയില്‍ താല്‍ക്കാലിക താമസത്തിനുള്ള 1,040,700 അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇതില്‍ 661,100 (64%) സേവന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രോസസ്സ് ചെയ്തു. അതായത് 379,600 അപേക്ഷകള്‍ ബാക്ക്ലോഗില്‍ തുടരുന്നു. ഈ വിഭാഗത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍, വിസിറ്റര്‍ വീസകള്‍ എന്നിവ ഉള്‍പ്പെടുന്നു.
സിറ്റിസണ്‍ഷിപ്പ് ഗ്രാന്റ്
മെയ് അവസാനത്തിന് തുല്യമായി പൗരത്വ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ലക്ഷ്യ ശതമാനമായ 19 ശതമാനത്തില്‍ തുടരുന്നു.
ഐആര്‍സിസി എങ്ങനെയാണ് ബാക്ക്ലോഗ് കുറയ്ക്കുന്നത്?
അപേക്ഷകള്‍ തരംതിരിക്കുന്നതിനും സങ്കീര്‍ണ്ണമായ കേസുകള്‍ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഐആര്‍സിസി നൂതന അനലിറ്റിക്‌സ്, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.