കനേഡിയൻ പൗരന്മാർ യുഎസിലേക്കുള്ള യാത്ര ഒഴിവാക്കുന്നതും അമേരിക്കൻ മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയതും കാനഡയ്‌ക്കെതിരെ ട്രംപിന്റെ അതൃപ്തി വർധിപ്പിച്ചതായി കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. ഇതിലൂടെ അമേരിക്കയുമായി ഇടപഴകാൻ കാനഡയ്ക്ക് യോഗ്യതയില്ലെന്ന് യുഎസ് പ്രസിഡന്റ് കരുതുന്നതായും ഹോക്സ്ട്ര പറഞ്ഞു. ഇത്തരം നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ്-കാനഡ ബന്ധത്തിന്റെ ഭാവിയിൽ താൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്ന് അംബാസഡറെ ഉദ്ധരിച്ച് യുഎസ് എംബസി വ്യക്തമാക്കി.
കാനഡയുടെ ട്രംപ് വിരുദ്ധ നിലപാടുകൾ പ്രതിഫലനമുണ്ടാക്കുന്നതായി ഹോക്സ്ട്രയുടെ അഭിപ്രായങ്ങളിൽ വ്യക്തമാണെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു. കനേഡിയൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തുടരണമെന്നും രാജ്യത്ത് തന്നെ അവധിക്കാലം ആഘോഷിക്കണമെന്നും എബി ആഹ്വാനം ചെയ്തു. ഈ വർഷം മാർച്ചിൽ യുഎസിൽ നിന്ന് കാറിൽ മടങ്ങിയെത്തിയ കാനഡക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനം കുറവുണ്ടായിരുന്നു. വിമാനയാത്രയിലും 13.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.