കാനഡയുടെ സ്റ്റീല്‍ ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് കാനഡയിലെ ചൈനീസ് എംബസി. ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങള്‍ ലംഘിച്ചതായി എംബസി ആരോപിച്ചു. കനേഡിയന്‍ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ചൈനയില്‍ നിന്നുള്ള എല്ലാ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ബുധനാഴ്ച്ച പറഞ്ഞിരുന്നു.
ഇത്തരം നടപടികള്‍ WTO നിയമങ്ങള്‍ ലംഘിക്കുന്നതും, അന്താരാഷ്ട്ര വ്യാപാര ക്രമത്തെ തടസ്സപ്പെടുത്തുന്നതും, ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നതുമാണെന്ന് ചൈനീസ് എംബസി വക്താവ് പറഞ്ഞു. ഇത് ചൈനയ്ക്കും കാനഡയ്ക്കും ഇടയിലുള്ള സാമ്പത്തിക, വ്യാപാര സഹകരണത്തെ ഗുരുതരമായി ബാധിക്കുമെന്നും എംബസി വക്താവ് പറയുന്നു. ചൈനയ്ക്കെതിരായ വിവേചനപരമായ താരിഫ് നടപടികള്‍ കാനഡ റദ്ദാക്കുകയാണെങ്കില്‍, ചൈനയുടെ പ്രതിരോധ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും എംബസി വ്യക്തമാക്കി.