ടൊറന്റോ: ഫുട്‌ബോൾ പ്രേമികളും ആരാധകരും കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനുള്ള സീറ്റ് ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഫിഫ. കാനഡയിൽ വാൻകുവറിലും ടൊറന്റോയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പാർട്ണറായ ഓൺ ലൊക്കേഷൻ, ടൊറന്റോയിലെ മത്സരങ്ങൾ കാണാൻ ഹൈ-എൻഡ് ടിക്കറ്റ് പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഉയർന്ന നിലവാരത്തിലുള്ള ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഈ പാക്കേജുകളുടെ നിരക്ക് സീറ്റിന് 2,500 കനേഡിയൻ ഡോളർ മുതലാണ് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കുന്ന സർവീസിനെയും സൗകര്യങ്ങളെയും ആശ്രയിച്ച് ചെലവ് വർധിക്കുമെന്ന് അധികൃതർ അറിയിച്ചു.
രുചികരമായ ഭക്ഷണ പാനീയങ്ങൾ, പ്രീമിയം ലോഞ്ച് ഏരിയകൾ, വിനോദ പരിപാടികൾ, മത്സരം നടക്കുന്നിടത്തേക്കുള്ള വേഗത്തിലുള്ള പ്രവേശനം എന്നിവയാണ് ഹോസ്പിറ്റാലിറ്റി പാക്കേജുകളിൽ ഉൾപ്പെടുന്നത്. വിഐപി സ്റ്റൈൽ അനുഭവം ആസ്വദിക്കാൻ താൽപ്പര്യപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ് ഈ ടിക്കറ്റുകൾ വിൽക്കുന്നത്. വളരെ കുത്തനെയുള്ള നിരക്കാണ് ടിക്കറ്റുകൾക്കെന്നും എന്നാൽ അതിൽ തനിക്ക് നിയന്ത്രണമില്ലെന്നും ടൊറന്റോ മേയർ ഒലിവിയ ചൗ പ്രതികരിച്ചു.