അമേരിക്കന്‍ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നത് പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നികുതി ഇളവുകളും ചെലവ് ചുരുക്കല്‍ പദ്ധതിയും ഉള്‍പ്പെടെയുള്ള ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ഒപ്പുവച്ചതുള്‍പ്പെടെ ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ സമീപകാല നീക്കങ്ങളെ വിമര്‍ശിച്ച് റോസി ഒ’ഡോനല്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയുമായി ട്രംപിന്റെ രംഗപ്രവേശം. മുമ്പ് ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പൗരത്വവും റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘റോസി ഒ’ഡോനല്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിക്കുന്നു,’ ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ എഴുതി. ജനുവരിയില്‍ അയര്‍ലണ്ടിലേക്ക് താമസം മാറിയ റോസി ഒ’ഡോനല്‍ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നിയമപരമായി റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കാന്‍ ട്രംപിനു സാധിക്കില്ല. യുഎസിലെ ന്യൂയോര്‍ക്കിലാണ് റോസി ജനിച്ചത്. യുഎസില്‍ ജനിച്ചവര്‍ക്ക് യുഎസ് പൗരത്വം ഭരണഘടനാപരമായ അവകാശമാണ്. ഇതു റദ്ദാക്കാന്‍ യുഎസ് പ്രസിഡന്റിനും അവകാശമില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ട്രംപ് രണ്ടാം തവണയും വിജയിച്ചതിന് പിന്നാലെയാണ് റോസി ഒ’ഡോനല്‍ അയര്‍ലണ്ടിലേക്ക് താമസം മാറിയത്.