കാൽഗറി: ഇന്ത്യൻ ടെക്ക് ഐക്കൺ അവാർഡ് – 2025 കരസ്ഥമാക്കി കാൽഗറി മലയാളി സഹീർ മുഹമ്മദ് ചരലിൽ. കാനഡയിലെ ആൽബെർട്ടയിലെ ടെക്ക് മേഖലയിൽ അസാമാന്യ സംഭാവനകൾ നൽകുന്ന, മികച്ച നേതൃപാടവവും, കൂടാതെ സാമൂഹ്യ വികസനങ്ങൾക്കുള്ള മികച്ച സംഭാവനകളും നല്കിയിട്ടുമുള്ള വ്യക്തികളെയാണ് ഇന്ത്യൻ ടെക്ക് ഐക്കൺ അവാർഡിന് പരിഗണിക്കുന്നത്. ജൂലായ് 6, ഞായറാഴ്ച, കാൽഗറി സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിലാണ് സഹീർ മുഹമ്മദ് ഇന്ത്യൻ ടെക്ക് ഐക്കൺ – 2025 പുരസ്ക്കാരം ഏറ്റു വാങ്ങിയത്.
അവാർഡ് ദാന ചടങ്ങിൽ ആൽബെർട്ട ഇമിഗ്രേഷൻ മന്ത്രി മുഹമ്മദ് യാസീൻ, കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, വാൻകൂവറിലെ ഇന്ത്യൻ വൈസ് കോൺസുൽ സുഖ്‌ബീർ, പാർലമെന്റ് അംഗങ്ങളായ ടിം സിങ് ഉപ്പാൽ, ജസ് രാജ് സിങ് ഹല്ലൻ എന്നിവർ പങ്കെടുത്തു. ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രത്യേക കത്ത് മുഖേനെ സഹീർ മുഹമ്മദിനെ അഭിനന്ദിക്കുകയുണ്ടായി.
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം കൂടാതെ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും സഹീർ മുഹമ്മദിനുണ്ട്. ഹിറ്റാച്ചി സൊലൂഷൻസ് ആൻഡ് ഇൻഡസ്ട്രി മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു തൃശൂർ സ്വദേശിയായ സഹീർ മുഹമ്മദ്. തൃശൂർ ചെമ്പൂക്കാവ് ഷിമോസിൽ മുഹമ്മദ് കുട്ടി – സീനത്ത് ദമ്പതികളുടെ മൂന്നു മക്കളിൽ ഒരാളാണ് സഹീർ മുഹമ്മദ്. തിരുവല്ല അലിഫ് വില്ല സലീം – റസിയ ദമ്പതികളുടെ മകൾ കഷ്മീര സഹീറാണ് ഭാര്യ. മക്കൾ അയാൻ സഹീർ, സായ സഹീർ.