അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല സിഇഒ എലോണ്‍ മസ്‌കും തമ്മിലുള്ള വാക്പോര് രൂക്ഷമായി. ലോക ശതകോടീശ്വരനായ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി, ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിനെക്കുറിച്ച് താന്‍ ഒരിക്കലും കേട്ടിട്ടില്ലെന്ന് മസ്‌ക് പരിഹസിച്ചതോടെ ഇരുവരും തമ്മിലുള്ള ഭിന്നത പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ട ഒരു എക്സ് ഉപയോക്താവിനോടാണ് മസ്‌ക് പ്രതികരിച്ചത്. ട്രംപിനെ ‘പാളത്തില്‍ നിന്ന് ഇറങ്ങിയ ട്രെയിന്‍ അപകടകാരി’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. പിന്നാലെ, ‘എന്താണ് ട്രൂത്ത് സോഷ്യല്‍?’, ‘അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ല’ എന്നും മസ്‌ക് എക്സില്‍ കുറിച്ചു.
ട്രംപിന്റെ നികുതി ഇളവ്-ചെലവ് കുറയ്ക്കല്‍ ബില്ലിന് മറുപടിയായി ‘അമേരിക്ക പാര്‍ട്ടി’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുകയാണെന്ന് മസ്‌ക് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ പദ്ധതികളെ ”പരിഹാസ്യം” എന്ന് വിശേഷിപ്പിച്ച ട്രംപ്, മസ്‌കിനെതിരെ ഇന്ന് രാവിലെയും പുതിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.