വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ പൊതുധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ(IVF) പ്രോഗ്രാമിലേക്ക് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ബ്രിട്ടീഷ് കൊളംബിയയിലെ ആയിരക്കണക്കിന് ആളുകൾക്ക് പ്രോഗ്രാം സഹായകമാകും. ഐവിഎഫ് വഴി ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്ക് സ്റ്റാൻഡേർഡ് ഐവിഎഫ് സൈക്കിളിന് 19,000 ഡോളറിന് അപേക്ഷിക്കാം. ഐവിഎഫ് ചികിത്സയ്ക്കും മരുന്നുകളുടെ ചെലവുകൾക്കും സർക്കാരിന്റെ ധനസഹായം പ്രയോജനകരമാകും.
ജൂലൈ 2 ബുധനാഴ്ച മുതൽ പ്രവിശ്യയിലുടനീളം പങ്കെടുക്കുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി അറിയിച്ചു. കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ദമ്പതിമാർക്ക് സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനായി ക്ലിനിക്കുകൾ നേരിട്ട് ധനസഹായം നൽകും.
മെഡിക്കൽ സർവീസസ് പ്ലാനിൽ(എംഎസ്പി) എന്റോൾ ചെയ്ത ബീസി നിവാസികളായിരിക്കണം അപേക്ഷിക്കുന്നവർ. അപേക്ഷിക്കുന്ന സമയത്ത് 41 വയസ്സോ അതിൽ കുറവോ ആയിരിക്കണം പ്രായം. 250,000 ഡോളറിൽ താഴെ കുടുംബ വരുമാനമുള്ളവർ, 100,000 ഡോളറോ അതിൽ കുറവോ വരുമാനമുള്ളവർ എന്നിവർക്ക് പൂർണ ധനസഹായം ലഭ്യമാണ്. പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യയുടെ IVF പ്രോഗ്രാം വെബ്‌പേജ് സന്ദർശിക്കുക.