ഇസ്രയേല്‍ വീണ്ടും യുദ്ധത്തിന് മുതിര്‍ന്നാല്‍, വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസാവി. അങ്ങനെയൊരു സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കയ്ക്ക് പോലും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന ചടങ്ങിലായിരുന്നു പ്രസ്താവന.
രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യാക്രമണ പദ്ധതി തയ്യാറാണെന്നും, ഇസ്രയേലി അതിക്രമമുണ്ടായാല്‍ അത് നടപ്പാക്കുമെന്നും മൗസാവി പറഞ്ഞു. സൈന്യത്തോടൊപ്പം രാജ്യത്തെ ജനങ്ങളും ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇസ്രയേല്‍ ഇറാനെതിരെ യുദ്ധം ആസൂത്രണം ചെയ്യുകയാണെന്നും, രാജ്യത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അവരുടെ പദ്ധതികള്‍ പരാജയപ്പെട്ടുവെന്നും മൗസാവി കൂട്ടിച്ചേര്‍ത്തു.