ചൈനയും യുഎസ് സഖ്യകക്ഷികളും തമ്മിലെ താരിഫ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യൂറോപ്യൻ മദ്യത്തിന് (ബ്രാൻഡി) പുതിയ താരിഫ് പ്രഖ്യാപിച്ച് ചൈന. ഫ്രഞ്ച് ഉൽപന്നമായ കോന്യാക് അടക്കമുള്ള മദ്യത്തിനുള്ള ഇറക്കുമതി നിയന്ത്രണ താരിഫ് 27.7% മുതൽ 34.9% വരെയാക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.
വ്യാപാര തർക്കങ്ങളിൽ ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അഞ്ചു വർഷത്തേക്ക് താരിഫ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. യൂറോപ്യൻ ബ്രാൻഡിയുടെ വ്യാപക ഇറക്കുമതി രാജ്യത്തെ വീഞ്ഞ് ഉൽപാദനത്തെ ബാധിക്കുന്നുവെന്നാണ് ചൈനയുടെ വിമർശനം. ചൈനയുടെ ഇലക്ട്രിക് വാഹനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ സമാനമായ ഇറക്കുമതി നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നടപടി. യൂറോപ്യൻ പന്നിയിറച്ചി, പാലുൽപന്നങ്ങൾ എന്നിവക്കെതിരെയും ചൈന താരിഫ് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.