അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കലഹമുണ്ടാകുന്നതിന്റെയും മറ്റും ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെ ആശങ്ക ഉയർത്തുന്ന വീഡിയോകളും നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു അധ്യാപികയും വിദ്യാർത്ഥിനിയും തമ്മിൽ തല്ലുണ്ടാക്കുന്നതാണ് രംഗം. വിദ്യാർത്ഥിനിയുടെ ഫോൺ അധ്യാപിക പിടിച്ചുവച്ചതാണ് ഇതിലേക്ക് വഴി തെളിച്ചത് എന്നാണ് കരുതുന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ളതാണ് വീഡിയോ. ഏപ്രിൽ 21 -നാണ്, വിശാഖപട്ടണത്തിൽ നിന്നും മാറിയിട്ടുള്ള ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ ഈ സംഭവം നടന്നത് എന്നും പറയുന്നു.
വിദ്യാർത്ഥിനി ക്യാംപസിൽ കൂടി ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു. അപ്പോഴാണ് അധ്യാപിക അതുവഴി വന്നത്. ഇങ്ങനെ ഉറക്കെ ഫോണിൽ സംസാരിക്കരുത് എന്ന് അധ്യാപിക പറഞ്ഞത്രെ. എന്നാൽ, അത് കേൾക്കാൻ വിദ്യാർത്ഥി തയ്യാറായില്ല. താൻ പറഞ്ഞത് വിദ്യാർത്ഥിനി അനുസരിക്കാത്തത് അധ്യാപികയ്ക്ക് നീരസമുണ്ടാക്കിയത്രെ. തുടർന്നാണ് അധ്യാപികയ്ക്ക് ദേഷ്യം വന്ന് വിദ്യാർത്ഥിനിയുടെ ഫോൺ പിടിച്ചുവാങ്ങിയത് എന്നാണ് പറയപ്പെടുന്നത്.
അതോടെ വിദ്യാർത്ഥിനി അധ്യാപികയോട് ദേഷ്യപ്പെടാനും മറ്റും തുടങ്ങി. അധ്യാപികയും തിരിച്ച് എന്തൊക്കെയോ പറയുന്നുണ്ട്. എന്നാൽ, ദേഷ്യം വന്ന വിദ്യാർത്ഥിനി തന്റെ കാലിൽ നിന്നും ചെരിപ്പൂരി അധ്യാപികയെ തല്ലാൻ തുടങ്ങുന്നതാണ് പിന്നെ കാണുന്നത്. അവൾ അധ്യാപികയെ ചെരിപ്പ് വച്ച് തല്ലിയതിന് പിന്നാലെ അധ്യാപിക വിദ്യാർത്ഥിനിയെയും തിരികെ തല്ലുന്നതും കാണാം.
రఘు కళాశాలలో టీచర్ విద్యార్థిని మధ్య వాగ్యుద్ధం.. టీచర్ మీద చేయి చేసుకున్న విద్యార్థిని.#RaghuEngineeringCollege #Vizianagaram #Vizag #AndhraPradesh #UANow pic.twitter.com/APzPn1isCK
— ఉత్తరాంధ్ర నౌ! (@UttarandhraNow) April 22, 2025
പിന്നീട്, രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും തല്ലായി. മറ്റ് വിദ്യാർത്ഥികളും ആ സമയത്ത് അതുവഴി കടന്നു പോകുന്നതും കാണാവുന്നതാണ്. വീഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു.
ചിലരെല്ലാം വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തി. ഇങ്ങനെയാണോ ഒരു അധ്യാപികയോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് അവരെല്ലാം ഉന്നയിച്ചത്. എന്നാൽ, അതേസമയം തന്നെ മറ്റ് ചിലർ അധ്യാപികയേയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അല്ല ഒരു അധ്യാപിക വിദ്യാർത്ഥിനിയോട് പെരുമാറേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രായം. അധ്യാപിക നേരത്തെ തന്നെ നിയന്ത്രിച്ച് പെരുമാറിയിരുന്നു എങ്കിൽ ഈ സംഭവം തന്നെ ഉണ്ടാവില്ലായിരുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും കയ്യാങ്കളി അധ്യാപിക ആയാലും വിദ്യാർത്ഥിനി ആയാലും ശരിയായ കാര്യം അല്ല അല്ലേ?