ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരം നടക്കുമ്പോൾ കുട്ടി ആരാധകർക്കും ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഭാഗമാകാനുള്ള സുവർണാവസരം ഒരുങ്ങുകയാണ്. ഒരു ഒഫിഷ്യൽ മാച്ച് ബോൾ കാരിയറാകാനുള്ള അവസരമാണ് ഫിഫയുടെ ഒഫീഷ്യൽ ഓട്ടോമോട്ടീവ് പാർട്ണറായ കിയ വാഗ്ദാനം ചെയ്യുന്നത്.
കാനഡയിൽ, ടൊറന്റോയിലും വാൻകുവറിലുമായി നടക്കുന്ന മത്സരങ്ങളിൽ ഫുട്‌ബോൾ താരങ്ങളെ മൈതാനത്തേക്ക് ആനയിക്കാനും ഔദ്യോഗിക മത്സര ബോൾ റഫറിക്ക് കൈമാറാനും മത്സരം ആരംഭിക്കാനും കൗമാരക്കാർക്ക് അവസരം ലഭിക്കും. കൂടാതെ, ഓഫീഷ്യൽ മാച്ച് ബോൾ കാരിയർ(OMBC) കപ്പിൽ കാനഡയെ പ്രതിനിധീകരിക്കാൻ കിയ ഈ ഗ്രൂപ്പിൽ നിന്നും ഏഴ് മികച്ച ഫുട്‌ബോൾ കളിക്കാരെയും തിരഞ്ഞെടുക്കുന്നുണ്ട്. 2026 ൽ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റാണ് ഒഎംബിസി കപ്പ്. മറ്റ് 9 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുമായി ഇവർക്ക് മത്സരിക്കാനുള്ള അവസരമൊരുങ്ങും.
ഓഫീഷ്യൽ മാച്ച് ബോൾ കാരിയറാകാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് 13 വയസ്സോ അതിൽ താഴെയോ പ്രായമുള്ള ആൺകുട്ടികളുടെ പേര്(2012 ഏപ്രിൽ 1 നും 2016 ജൂലൈ 31 നും ഇടയിൽ ജനിച്ചവർ) രജിസ്റ്റർ ചെയ്യാം. ഇവർക്കായി ഈ ഫാൾ സീസണിൽ രാജ്യത്തുടനീളം റീജിയണൽ ട്രൈഔട്ട്‌സുകളുണ്ടാകും.
പരീക്ഷണ ഘട്ടങ്ങളിൽ, ടെക്‌നിക്കൽ സ്‌കിൽ, ടാക്റ്റിക്കൽ അവയർനെസ്സ്, ഫിസിക്കൽ കണ്ടീഷനിംഗ്, കോച്ചബിളിറ്റി എന്നിവ പരിശോധിക്കപ്പെടും. സെപ്റ്റംബർ 28ന് ഹാലിഫാക്‌സിൽ, ഓക്ടോബർ 4 ന് മോൺട്രിയൽ, ഒക്ടോബർ 18ന് ടൊറന്റോ, ഒക്ടോബർ 25 ന് എഡ്മന്റൺ, നവംബർ 2ന് വാൻകുവർ എന്നിവടങ്ങളിലാണ് ട്രൈഔട്ട്‌സ് നടക്കുന്നത്.
2026 ജനുവരി 31 ന് ടൊറന്റോയിൽ നടക്കുന്ന ഫൈനൽ ഷോഡൗണിലേക്ക് ഓരോ പ്രാദേശിക ഇവന്റിൽ നിന്നും മികച്ച അഞ്ച് പേരെ തെരഞ്ഞെടുക്കും. ഇവരിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഏഴ് പേരെയാണ് അന്തിമമായി തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി കിയ വെബ്‌സൈറ്റ് സന്ദർശിക്കുക.







