2026 ഫിഫ ലോകകപ്പിൽ വോളന്റിയർ ജോലികൾക്കായുള്ള അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ജൂൺ 11 ന് ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 65,000 വോളണ്ടിയർമാരെയാണ് നിയമിക്കുന്നത്. കാനഡ, യുഎസ്, മെക്‌സിക്കോ എന്നിവടങ്ങളിൽ ഓപ്പൺ വോളന്റിയർ ഗിഗ് ലഭ്യമാണ്. സ്‌റ്റേഡിയങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ തുടങ്ങി 23 ഓളം ഏരിയകളിൽ വോളന്റിയർമാരെ നിയമിക്കുമെന്ന് ഫിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാനഡയിൽ ടൊറന്റോയിലും വാൻകുവറിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഈ നഗരങ്ങളിലെ ഏരിയകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള വോളന്റിയർമാർക്ക് അപേക്ഷകൾ അയച്ചു തുടങ്ങാം. 2026 ജൂൺ 11 നും ജൂലൈ 19 നും ഇടയിൽ വോളന്റിയർമാർ എട്ട് ഷിഫ്റ്റുകളിൽ ജോലി ചെയ്യണം. സന്നദ്ധ സേവനത്തിൽ മുൻകൂർ പരിചയം ആവശ്യമില്ല.
അപേക്ഷിക്കുന്ന സമയത്ത് 18 വയസിൽ കൂടുതൽ പ്രായമുണ്ടായിരിക്കണം. ആതിഥേയ രാജ്യത്ത് സന്നദ്ധ സേവനം ചെയ്യാൻ യോഗ്യതയുണ്ടായിരിക്കണമെന്നും ഫിഫ വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾ മുതൽ ജോലിയിൽ നിന്നും വിരമിച്ചവർക്ക് വരെ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വോളന്റിയർ ജോലിക്ക് അപേക്ഷിക്കാം.







